Spice Route
Travel diaries and stories. യാത്രാ വിവരണങ്ങളും കഥകളും.
02/06/2022
3700 വർഷം പഴക്കമുള്ള ഗ്രാമ്പൂ - ചരിത്രത്തിലെ ഏറ്റവും പഴക്കമുള്ള സുഗന്ധദ്രവ്യം
ആയിരക്കണക്കിന് വർഷങ്ങൾ നീളുന്നതാണ് സുഗന്ധവ്യഞ്ജനങ്ങളുടെ ചരിത്രം. എന്നാൽ, ഏഷ്യയിൽ സമൃദ്ധമായി വളരുന്ന ഈ മലഞ്ചരക്കുകൾ മനുഷ്യർ ഉപയോഗിച്ചിരുന്നതിൻ്റെ ഏറ്റവും പഴയകാല തെളിവ് ലഭിച്ചിട്ടുള്ളത് ഏഷ്യയിൽ നിന്നല്ല. ആയിരക്കണക്കിന് മൈലുകൾ അകലെയുള്ള സിറിയയിൽ നിന്നാണ് മനുഷ്യർ ഇവ ഉപയോഗിച്ചിരുന്നതിൻ്റെ ഏറ്റവും പഴയ തെളിവ് ലഭിച്ചിട്ടുള്ളത്. സിറിയൻ മരുഭൂമിയിൽ ആയിരക്കണക്കിന് വർഷങ്ങൾക്കു മുൻപ് ജീവിച്ചിരുന്ന പുസൂറം (Puzurum) എന്ന വ്യക്തിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്ത ഏതാനും ഗ്രാമ്പു ആണിത്. കത്തിക്കരിഞ്ഞ സെറാമിക് പാത്രത്തിൽ നിന്നാണ് ആർക്കിയോളജിസ്റ്റുകൾക്ക് ഇത് ലഭിച്ചത്.
ഇതോടൊപ്പം ലഭിച്ച കളിമണ്ണിൻ്റെ ഫലകത്തിൽ നിന്നാണ് ഈ കാലഘട്ടത്തെ കുറിച്ചുള്ള അറിവ് ലഭിച്ചത്. യദിഹ്ക് അബു എന്നൊരു (Yadihk Abu) പ്രാദേശിക ഭരണാധികാരിയെ കുറിച്ചുള്ള ഒരു പരാമർശം ആ ഫലകത്തിലുണ്ടായിരുന്നു. ഏകദേശം ബിസി 1721-നോട് അടുത്താണ് ഈ ഭരണാധികാരിയുടെ കാലഘട്ടം എന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. അതുകൊണ്ട് ആ ഗ്രാമ്പൂവും അതിനോടടുത്ത കാലഘട്ടത്തിൽ ഉപയോഗിച്ചതാകണം എന്ന് അനുമാനിക്കപ്പെട്ടു. തീപിടിച്ച് നശിച്ച പുസൂറമിൻ്റെ വീട്ടിൽ, ഏതാണ്ട് 3700 വർഷം ആ ഗ്രാമ്പൂ ആർക്കിയോളജിസ്റ്റുകളെയും കാത്ത് നശിക്കാതെയിരുന്നു. അവിടെ നടന്ന തീപിടിത്തമാണ് കളിമൺ ഫലകത്തെ ഉറപ്പുള്ളതാക്കി ഇക്കാലമത്രയും കേടു കൂടാതെ നിലനിർത്തിയത് എന്നതാണ് മറ്റൊരു സവിശേഷത..
ആധുനിക കാലഘട്ടത്തിനു മുൻപ്, കിഴക്കൻ ഏഷ്യയിലെ, പ്രധാനമായും ഇൻഡോനേഷ്യൻ ദ്വീപുസമൂഹത്തിനു ചുറ്റുപാടുമാണ് ഗ്രാമ്പൂ സമൃദ്ധമായി വളർന്നിരുന്നത്. ഭൂമി നമുക്ക് സങ്കൽപ്പിക്കാൻ കഴിയുന്നതിലും വലുതായിരുന്ന അക്കാലത്ത്, ആയിരക്കണക്കിനു മൈലുകൾ താണ്ടി ഈ വസ്തു ലോകത്തിൻ്റെ മറ്റൊരു കോണിലെത്തിയത് എങ്ങനെ എന്ന് ചിന്തിക്കുമ്പോളാണ് മനുഷ്യജീവിതത്തിൽ ഇവയ്ക്കുണ്ടായിരുന്ന പ്രാധാന്യം നമുക്ക് മനസ്സിലാകുക.
01/06/2022
ലോകം കീഴടക്കിയ കുരുമുളക്
നല്ല ചൂടുള്ള ചോറിൽ രസം കൂട്ടി കഴിച്ചിട്ടില്ലേ? നല്ല ദം ബിരിയാണിയുടെയും കുഴിമന്തിയുടെയും രുചി അറിയാത്ത എത്ര മലയാളികളുണ്ടാകും. ഇങ്ങനെ നമ്മുടെ രുചിമുകുളങ്ങളെ രസിപ്പിക്കുന്ന എത്രയോ ഭക്ഷ്യവിഭവങ്ങളുടെ ചേരുവയിലെ പ്രധാനിയാണ് കുരുമുളക്. രുചിയോടൊപ്പം ഔഷധഗുണങ്ങൾ കൂടി ചേർന്നപ്പോൾ നമ്മുടെ കറുത്ത പൊന്ന് ഒരു കാലത്ത് ലോകത്തെ ഏറ്റവും പ്രധാന വസ്തുക്കളിൽ ഒന്നായി മാറി.
പുരാതന കാലം മുതൽ തന്നെ നമ്മുടെ കുരുമുളകിനും മറ്റു സുഗന്ധദ്രവ്യങ്ങൾക്കും ലോകമെമ്പാടും ആവശ്യക്കാരുണ്ടായിരുന്നു. ഈ സസ്യങ്ങളുടെ പ്രത്യേകത കാരണം ഏഷ്യയിലെ ഉഷ്ണമേഖലാ പ്രദേശത്തെ കാടുകളിലാണ് ഇവയിൽ മിക്കവയും വളരുന്നത്. ഇവയുടെ വളർച്ചയ്ക്ക് കാലാവസ്ഥയുമായി ഏറെ ബന്ധമുള്ളതിനാൽ മറ്റു പ്രദേശങ്ങളിലേക്ക് പറിച്ചു നടുന്നതും വളർത്തുന്നതും ഏറെക്കുറെ അസാധ്യമാണ്. അതുകൊണ്ടു തന്നെ ലോകമെമ്പാടുമുള്ള രാജ്യങ്ങളിലേക്ക് കുരുമുളകും ഗ്രാമ്പൂവുമെല്ലാം കൊണ്ടുപോയിരുന്നത് ഏഷ്യൻ രാജ്യങ്ങളിൽ നിന്നാണ്. ഇതിൻ്റെ പ്രധാന കേന്ദ്രമായിരുന്നു ഇന്ത്യ, അതിൽ നമ്മുടെ കേരളമായിരുന്നു കച്ചവടത്തിൻ്റെ ഏറ്റവും പ്രധാന കേന്ദ്രം.
ക്രിസ്തുവിന് മുൻപുള്ള കാലഘട്ടത്തിൽ തന്നെ റോമോക്കാരും ഗ്രീക്കുകാരുമെല്ലാം സുഗന്ധദ്രവ്യങ്ങളുടെ വ്യാപാരത്തിനായി കേരളത്തിൻ്റെ പടിഞ്ഞാറൻ തീരങ്ങളിലെത്തിയിരുന്നു. അറബികളും ചൈനാക്കാരുമെല്ലാം നിത്യ സന്ദർശകരായിരുന്ന അക്കാലത്തെ കച്ചവടത്തിൻ്റെ ഏറ്റവും വലിയ കേന്ദ്രങ്ങളിലൊന്നായിരുന്നു കോഴിക്കോട്. അറബികൾ കപ്പൽ മാർഗ്ഗം കേരളത്തിലെത്തിയിരുന്നെങ്കിലും സമുദ്രത്തിലൂടെ ഇന്ത്യയിലേക്ക് വരാനുള്ള വഴി അന്നത്തെ യൂറോപ്യൻമാർക്ക് അറിയില്ലായിരുന്നു. അതിനാൽ ഇന്ത്യയിൽ നിന്ന് അറബികൾ കൊണ്ടുപോകുന്ന കുരുമുളകും മറ്റുമായിരുന്നു യൂറോപ്യൻമാർ വാങ്ങിയിരുന്നത്. ഇതാകട്ടെ പല കൈകളിൽക്കൂടി മാറിമറിഞ്ഞ് യൂറോപ്പിലെത്തുമ്പോഴേക്കും വിലയിൽ പല മടങ്ങ് വർദ്ധന ഉണ്ടായിട്ടുണ്ടാകും. അതുകൊണ്ട് വൻ വില നൽകിയായിരുന്നു യൂറോപ്യൻമാർ സുഗന്ധദ്രവ്യങ്ങൾ സ്വന്തമാക്കിയിരുന്നത്.
കാലാവസ്ഥാപരമായ പ്രത്യേകതകൾ കാരണം കുരുമുളക് ഇല്ലാതെ ഭക്ഷണം കേടു കൂടാതെ സൂക്ഷിക്കാൻ കഴിയാത്ത അവസ്ഥയും യൂറോപ്പിലുണ്ടായിരുന്നു. അതിനാൽ എത്ര വില കൊടുത്തും കുരുമുളക് വാങ്ങേണ്ടത് ആവശ്യമായി വന്നു. അങ്ങനെ, ഒരു കാലത്ത് ആളുകളുടെ ജീവൻ്റെ വിലയുണ്ടായിരുന്ന വസ്തുവാണ് കറുത്ത മുത്ത് എന്ന് വിളിക്കപ്പെടുന്ന കുരുമുളക്.
23/11/2021
Good Morning
30/10/2021
നിഗൂഢ രഹസ്യങ്ങളുറങ്ങുന്ന ഗുഹാ യാത്രയുമായി ഉത്തരാഖണ്ഡ്
ആദിമ മനുഷ്യൻ്റെ ഭാഷയും സംസ്കാരവും വലിയ തോതിൽ വികാസം പ്രാപിച്ചത് ഇരുട്ടു നിറഞ്ഞ ഗുഹാന്തർ ഭാഗങ്ങളിലാണെന്ന് ചരിത്രം പറയുന്നു. ഒരു തരത്തിൽ, പോയ കാലത്തിലേക്കുള്ള മടക്ക ടിക്കറ്റുകളാണ് ഈ പ്രകൃതിദത്ത നിർമ്മിതികൾ. കഴിഞ്ഞ കുറച്ചു വർഷങ്ങളായി സ്ലൊവേനിയക്കാർ അതിഗംഭീരമായി ഗുഹാ ടൂറിസം പദ്ധതി നടപ്പിലാക്കുന്നതിൻ്റെ പിന്നിലെ രഹസ്യവും ഇതു തന്നെയാണ്. ഇപ്പോഴിതാ ഉത്തരാഖണ്ഡും ബാൽക്കൻ രാജ്യത്തിൻ്റെ പാത പിന്തുടർന്ന് സാഹസിക ഗുഹാ യാത്രയുമായി മുന്നോട്ടു വന്നിരിക്കുകയാണ്. ഇന്ത്യൻ ടൂറിസം മേഖലയിൽ തന്നെ വഴിത്തിരിവാകാൻ പോവുന്ന പുത്തൻ സംരംഭത്തെ പരിചയപ്പെടാം.
ഇക്കഴിഞ്ഞ സെപ്തംബറിലാണ് ഉത്തരാഖണ്ഡിലെ സ്പേസ് ആപ്ലിക്കേഷൻ സെൻ്റർ (യുഎസ്എസി) പിത്തോർഗഡിലെ ഗംഗോലിഹട്ടിലും പരിസര പ്രദേശങ്ങളിലുമായി ഭൂമിയ്ക്കടയിൽ ഒമ്പത് പുരാതന ഗുഹകൾ കണ്ടെത്തുന്നത്. ആയിരക്കണക്കിന് വർഷങ്ങളുടെയങ്കിലും പഴക്കം കണക്കാക്കുന്ന ഗുഹകൾ സലീശ്വർ, ഗുപ്ത ഗംഗ, വൃഹാദ് ടുങ്, മുക്തേശ്വർ, ധനേശ്വർ, മയിൽചൈര എന്നീ പ്രദേശങ്ങളിലായാണ് സ്ഥിതി ചെയ്യുന്നത്. ഒക്ടോബർ-നവംബർ മാസത്തോടെ മേഖലയുടെ ജിയോടാഗിംങ് പൂർത്തിയായാൽ ഗുഹകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് കരുതുന്നത്.
റിപ്പോർട്ടുകൾ പ്രകാരം, വിവിധ തട്ടുകളായാണ് ഗുഹയുടെ കിടപ്പ്. 50 മീറ്റർ ശരാശരി ഉയരമുള്ള അകത്തളങ്ങളെ വിവിധ ബ്ലോക്കുകളായി തിരിച്ചിട്ടുണ്ട്. പ്രകൃതിദത്തമായി വികസിച്ചു വന്ന ഈ സുരക്ഷിത താവളങ്ങൾ കാലങ്ങളോളം വിവിധ മനുഷ്യ വിഭാഗങ്ങൾക്ക് ആശ്രയമായതിൻ്റെ തെളിവുകൾ ഇവിടെ നിന്നും ലഭിച്ചിട്ടുണ്ട്. നിലവിൽ സ്ലൊവേനിയയുടെ ആകെ വരുമാനത്തിൻ്റെ മുപ്പത് ശതമാനവും ഗുഹാ ടൂറിസത്തിൽ നിന്നാണ് ലഭിക്കുന്നതെന്നിരിക്കെ ഉത്തരാഖണ്ഡിൻ്റെ പുതിയ പദ്ധതിയ്ക്ക് കേന്ദ്ര സർക്കാർ എല്ലാ വിധ പിന്തുണയും അറിയിച്ചിട്ടുണ്ട്.
ചുണ്ണാമ്പ് കല്ലുകളുടെ രാസ-ഭൌതിക പ്രക്രിയകൾ കാരണം വിചിത്രവും രസകരവുമായ രൂപങ്ങൾ സൃഷ്ടിക്കപ്പെടുന്ന കാസ്റ്റ് ഭൂപ്രകൃതിയാണ് ഗുഹകളിലെ പൊതു സവിശേഷത. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഭൂമിയ്ക്കടിയിലുള്ള ഗുഹകൾക്ക് സമാനമായി ഇവിടെയും ചെറു അരുവികളും കുളങ്ങളും കാണാം. ഭൂമിയുടെ മുകൾ ഭാഗത്തും താഴെയും ഒരേ പോലെ വൈവിധ്യമാർന്ന ഭൂപ്രകൃതി കാത്തു സൂക്ഷിക്കുന്ന ഗംഗോലിഹട്ടിലെ ഗുഹകൾ സാഹസിക യാത്രികരെ ആകർഷിക്കുമെന്ന് വിനോദ സഞ്ചാര വകുപ്പ് പ്രതീക്ഷിക്കുന്നത് ഈ ഘടകങ്ങൾ കാരണമാണ്.
പുതിയ ഗുഹാ ടൂറിസം സർക്യൂട്ട് ഉത്തരാഖണ്ഡിൻ്റെ തൊപ്പിയിലെ പുതിയ പൊൻതൂവലും സഞ്ചാരികൾക്ക് സാഹസിക ലോകത്തിലേക്കുള്ള രഹസ്യ വാതിലുമായി മാറിയേക്കാം. പദ്ധതി വിജയകരമായി നടപ്പിലായാൽ കാസ്റ്റ് ഭൂപ്രകൃതിയാൽ പ്രസിദ്ധമായ സ്ലൊവേനിയയിലെ പോസ്തോജ്ഞ ഗുഹകൾ സന്ദർശിക്കുന്ന ആയിരങ്ങൾ ഒരു നാൾ ഉത്തരാഖണ്ഡിനേയും തേടിയെത്തും.
Click here to claim your Sponsored Listing.
Category
Website
Address
Calicut
673017