Mathews George Chartered Planner RTPI UK & Landscape Consultant

Mathews George Chartered Planner RTPI UK & Landscape Consultant

Share

A Master Planner, Infrastructure, Landscape and Agriculture Consultant leads ARKIND Consultants. His projects won various Global Awards & Recognition.

04/08/2021

ഞങ്ങളുടെ പ്രിയപ്പെട്ട അപ്പച്ചൻ ശ്രീ. കെ.എ.ജോർജ് 97-ാം വയസ്സിൽ ദൈവീകമായ കൂദാശകളെല്ലാം സ്വീകരിച്ച് 2021 ജൂൺ 26 -ന് കർത്താവിൽ നിദ്രപ്രാപിച്ച വിവരം അറിഞ്ഞിരിക്കുമല്ലോ?

2021ഓഗസ്റ്റ് 4-ാം തീയതി അപ്പച്ചൻ്റെ 40-ാം, ചരമദിനമാണ്.
കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ എല്ലാവർക്കും ഒത്തുകൂടുവാൻ സാധിക്കുകയില്ലല്ലോ. ആയതിനാൽ അപ്പച്ചൻ്റെ ആത്മാവിൻ്റെ നിത്യശാന്തിക്കായി പ്രാർഥിക്കണമെന്ന് എല്ലാവരോടും സ്നേഹപൂർവ്വം അപേക്ഷിക്കുന്നു.

അപ്പച്ചൻ്റെ നിര്യാണ ദിവസം തങ്ങളുടെ തിരക്കുകളെല്ലാം മാറ്റിവച്ച് അപ്പച്ചൻ്റെ മരണാനന്തര ശുശ്രൂഷകളിൽ പങ്കെടുത്ത അഭിവന്ദ്യരായ അത്താനാസ്യോസ് തിരുമേനി, സേവേറിയോസ് തിരുമേനി, ഞങ്ങളുടെ ബന്ധുകൂടിയായ മിലിത്തിയോസ് തിരുമേനി, വന്ദ്യരായ വൈദികർ , ശുശ്രുഷക്കാർ എന്നിവരോടുള്ള ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.

ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിലും അന്ത്യോപചാരം അർപ്പിക്കാൻ എത്തിച്ചേർന്ന ബഹുമാന്യരായ അനുപ്ജേ ക്കബ് MLA, മുൻ ജില്ലാ പഞ്ചായത്തംഗം K.N.സുഗതൻ, രാമമംഗലം പഞ്ചായത്ത് പ്രസിഡൻ്റ് ഇ.പി.ജോർജ്, മെമ്പർ അഞ്ജന ജിജോ, മുൻ പ്രസിഡൻ്റ് വിൽസ്ൺ കെ.ജോൺ മറ്റ് വിശിഷ്ട വ്യക്തികൾ എന്നിവരെ നന്ദിയോടെ സ്മരിക്കുന്നു.

അപ്പച്ചനെ വളരെയധികം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്ന അയൽവാസികളും നാട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളും പ്രതികൂലമായ സാഹചര്യങ്ങളെ അവഗണിച്ചും കോവിഡ് നിയത്രണങ്ങൾ പാലിച്ചു ഞങ്ങളുടെ വസതിയിലും പള്ളിയിലുമെത്തി ഞങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുകയും സന്ദേശങ്ങൾ അയക്കുകയും ചെയ്തിരുന്നു. അവരെല്ലാവരോടും വാക്കുകൾക്കതീതമായ നന്ദി അറിയിക്കുന്നു.

അപ്പച്ചൻ്റെ സുദീർഘമായ ജീവിതയാത്രയുടെ ഓരോഘട്ടത്തിലും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നവരെ അപ്പച്ചനുവേണ്ടി നന്ദിപൂർവ്വം സ്മരിക്കുവാൻ ഞാൻ ഈ അവസരം വിനിയോഗിക്കട്ടെ. അതുപോലെ അപ്പച്ചനെക്കുറിച്ചുള്ള നിങ്ങളുടെ ഓർമ്മകൾ അറിയുവാൻ ഞങ്ങൾക്കു അതിയായ ആഗ്രഹമുണ്ട്.

അപ്പച്ചനോടൊപ്പം എല്ലാ കാര്യങ്ങളിലും ഒരു നിഴൽ പോലെ ഉണ്ടായിരുന്ന ഞങ്ങളുടെ അമ്മച്ചി ശ്രീമതി കുഞ്ഞമ്മ ജോർജ് 2012 -ൽ ഞങ്ങളെ വിട്ടുപിരിഞ്ഞിരുന്നു.

ഞാൻ വിദേശത്തായിരുന്നപ്പോഴും മറ്റവസരങ്ങളിലും അപ്പച്ചൻ്റെ ആരോഗ്യ കാര്യങ്ങളിലും മറ്റെല്ലാ കാര്യങ്ങളിലും ശ്രദ്ധിക്കുവാൻ മുൻപന്തിയിലുണ്ടായിരുന്നത് എൻ്റെ സഹോദരീ ഭർത്താവ് മാത്യൂസ് വടാത്ത് ആയിരുന്നു. മറ്റ് അളിയൻമാരും എപ്പോഴും പിന്തുണയുമായി കൂടെയുണ്ടായിരുന്നു.

മരണാന്തര കാര്യങ്ങൾ സുഗമമായി നടത്തുവാൻ മുൻകൈയെടുത്ത ബന്ധുക്കളായ എൽദോ,മോൻസി,വാളാടി ബിജു എന്നിവരെയും ഓർക്കുന്നു. പുതുവാൽ തരകൻ കുടുംബം അപ്പച്ചനെ എല്ലാവിധ ആദരവുകളും നല്കി ബഹുമാനിച്ചിരുന്നുതും പുല്യാട്ടേൽ വർഗീസ് അച്ചൻ്റെ സന്ദർശനങ്ങളും ഈ അവസരത്തിൽ ഓർക്കുന്നു.

എൻ്റെ അമ്മാവൻ ഡോ.സ്കറിയ, ഡോ.മാത്യു എബ്രാഹാം (സെൻ്റ് മേരീസ് ഹോസ്പിറ്റൽ, തൊടുപുഴ),എറണാകുളത്തുള്ള എൻ്റെ ഡോക്ടർ സുഹൃത്തുക്കൾ എന്നിവർ നല്കിയിരുന്ന കൃത്യമായ ഉപദേശങ്ങളും Geriatric മാർഗനിർദേശങ്ങളും അപ്പച്ചൻ്റെ ആരോഗ്യ കാര്യങ്ങളിൽ വലിയ സഹായമായിരുന്നു. എൻ്റെ കസിൻ സ്ലീബയ്ക്ക് വിവിധ ആശുപത്രികളിലുള്ള അടുപ്പം ചികിത്സാ വേളകളിൽ സഹായമായിരുന്നു.

ജീവിത സായാഹ്നത്തിൽ അപ്പച്ചനെ സ്ഥിരമായി ഫോൺ വിളിയിലൂടെയും സന്ദർശനങ്ങളിലൂടെയും അപ്പച്ചന് സന്തോഷം പകർന്ന് നല്കിയിരുന്ന ഞങ്ങളുടെ ബന്ധുക്കളായ തെക്കേക്കര ഔസേപ്പുകുട്ടി ചാച്ചൻ, വാളാടി, മാരാംകണ്ടത്തിൽ കുടുംബങ്ങളിലെ ഇട്ടൻ ചേട്ടായിയെയും മറ്റു പ്രിയപ്പെട്ടവരെയും നന്ദിയോടെ ഓർമിക്കുന്നു.

അപ്പച്ചൻ്റെ Cousin കുര്യാച്ചൻ ചാച്ചൻ എപ്പോഴും മുൻകാലങ്ങളിൽ അപ്പച്ചനുമായി ബന്ധപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ സഹോദരൻ അമേരിക്കയിലുള്ള Dr.C.P. Mathew അവസാന നാളുകളിൽ എനിക്ക് വിലപ്പെട്ട ഉപദേശങ്ങൾ നൽകുകയും അദ്ദേഹത്തിന് ഞങ്ങളുടെ കുടുംബവുമായും പ്രതിയേകിച്ചു അപ്പച്ചനുമായു ഉള്ള മുൻകാല ബന്ധത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്യുമായിരുന്നു.

കുടുംബ സുഹൃത്തുക്കളായ ഡോ.റിജു, സൂസൻ, ചൗരംപ്ലാക്കിൽ ബിജു എന്നിവരെല്ലാം എപ്പോഴും ഞങ്ങൾക്ക് സഹായമായുണ്ടായിരുന്നു.

ഞങ്ങളുടെ സഹായിയായി കൂടെയുള്ള കമലമ്മയുടെ നർമഭാഷണങ്ങളും അവർ പരിപാലിച്ചിരുന്ന വളർത്തുമൃഗങ്ങളും, സസ്യജാലങ്ങളും എല്ലാം അപ്പച്ചന് മനസികോർജം പകർന്നിരുന്നു.

അപ്പച്ചൻ്റെ ജീവിതകാലത്തെ ഒട്ടേറെ സമയവും ചിലവഴിച്ചത് മാമലശേരി പള്ളിക്കുവേണ്ടിയായിരുന്നു. പള്ളിയും പള്ളിയുമായി ബന്ധപ്പെട്ട ആളുകളും അദ്ദേഹത്തിൻ്റെ ദീർഘായുസിൻ്റെ പ്രധാന കാരണങ്ങളിൽ ഒന്നാണെന്ന് ഞാൻ വിശ്വസിക്കുന്നു.
മൺമറഞ്ഞുപോയ വന്ദ്യ വൈദികരായ ചൗരംപ്ലാക്കിൽ കുര്യാച്ചൻ അച്ചൻ, പുല്യാട്ടേൽ അബ്രാഹം അച്ചൻ, കരിവാളത്ത് മാത്യൂസ് അച്ചൻ എന്നിവരുമായി വളരെ അടുപ്പമുണ്ടായിരുന്നു അപ്പച്ചന്. ഫാ.ജോൺ ചിറക്കടക്കുന്നേൽ കോറെപ്പിസ്കോപ്പ, ഫാ.ജോർജ് വേമ്പനാട്ട്, ഫാ.സൂരജ് മത്തായി, എന്നിവരുമായി അപ്പച്ചൻ മിക്കവാറും ബന്ധപ്പെടാറുണ്ടായിരുന്നു.

അപ്പച്ചനോടൊപ്പം മുൻകാലങ്ങളിൽ പള്ളിയിൽ നേതൃപരമായി പ്രവർത്തിച്ചിരുന്ന ചെറുപ്പക്കാരുടെ ജീവിതവിജയങ്ങൾ അപ്പച്ചന് ഏറെ സന്തോഷം പകർന്നിരുന്നു. ജോൺസൺ മാമലശേരി, വിൽസൺ തടത്തിൽ, പുത്തൻപുരക്കൽ തങ്കച്ചൻ,Prof. ജേക്കബ് പുല്യാട്ടേൽ, പുത്തൻപുരക്കൽ പൈലി, അറയ്ക്കൽ റോബി തുടങ്ങിയ നിരവധിപേർ അപ്പച്ചനുമായി ഉണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് ഏറെ ബഹുമാനാത്തോടുകൂടി പറയുന്ന നല്ല വാക്കുകൾ ഞാൻ അഭിമാനത്തോടെ ഓർക്കുന്നു.

ജോൺസണോടും വീണാമടത്തിൽ ജിബിയോടും ഒക്കെ ദീർഘനേരം സംസാരിച്ചിരിക്കുന്നത് അവസാന നാളുകളിൽ അപ്പച്ചന് ഏറ്റവും സന്തോഷകരമായ സമയങ്ങളായിരുന്നു.

സണ്ടേസ്കൂൾ അധ്യാപകരായിരുന്ന തൂവയിൽ മാത്യു, വെട്ടിക്കാത്തടത്തിൽ യോഹന്നാൻ എന്നിവരൊക്കെ അപ്പച്ചൻ്റെ സുഹൃത് വലയത്തിൽ പെട്ടവരാണ്.
പള്ളിക്കാര്യങ്ങളിൽ ദീർഘകാലം അപ്പച്ചൻ്റെ സഹപ്രവർത്തകനായിരുന്ന വെട്ടിക്കാത്തടത്തിൽ പരേതനായ ലീയോക്കുഞ്ഞുചേട്ടനെ ഈ അവസരത്തിൽ സ്നേഹപൂർവം സ്മരിക്കുന്നു.
ദീർഘകാല സുഹൃത്തുക്കളായിരുന്ന പരേതനരായ പൊന്നാട്ട് തോമസ് ചേട്ടനും, ഊതാളക്കുഴിയിൽ ഐസക് ചേട്ടനും അപ്പച്ചൻ്റെ ജീവതയാത്രയിലെ കണ്ണികളായിരുന്നു. അവർ ഒരുമിച്ച് പഞ്ചായത്ത് കരാറുകൾ ഏറ്റെടുത്തതും അതിൽനിന്ന് ലഭിച്ച പണം മുഴുവൻ പൊതു കാര്യങ്ങൾക്കായി ചിലവഴിച്ചതും അപ്പച്ചൻ പറഞ്ഞു കേട്ടിട്ടുണ്ട്.

സ്കൂൾ വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാതിരുന്ന പലർക്കും അപ്പച്ചൻ എഴുത്തും വായനയും പഠിപ്പിച്ചു കൊടുത്തത് സ്മരണകളിൽ എത്താറുണ്ടായിരുന്നു.

തുണ്ണാൽ രാജൻ, അജു എന്നിവർ എത് ആവശ്യത്തിനും ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു. രാജു, ജോജി, ബിനു, സുകുമാരൻ, എൽദോസ്, ബേസിൽ, ബെന്നി എന്നിവരെല്ലാം അപ്പച്ചന് ചെയ്തിട്ടുള്ള സഹായങ്ങൾ വളരെയാണ്. മുൻകാലങ്ങളുമായി ബന്ധപെട്ടു ആദ്യം അപ്പച്ചന്റെ മനസ്സിൽ ഓടിയെത്തുന്നത് കുഞ്ഞപ്പൻ, പൗലോസ്, ജോസഫ്, മത്തായി, കുഞ്ഞുമോൻ, അയ്യപ്പൻ, കുഞ്ഞുപെണ്ണ് എന്നീ പേരുകളായിരുന്നു.

അപ്പച്ചൻ്റെ ജീവിതത്തിലെ സുപ്രധാനമായ സംഭവങ്ങളിലൊന്നാണ് അദ്ദേഹത്തിനുണ്ടായ വാഹനാപകടം. ഗുരുതരമായി പരിക്കേറ്റ അപ്പച്ചനെ പ്രഥമ ശുശ്രൂഷകൾ നല്കി കോട്ടയം മെഡിക്കൽ കോളേജിൽ എത്തിക്കുന്നതിന് നേതൃത്വം നല്കിയത് ദൈവനിശ്ചയം പോലെ യാദൃശ്ചികമായി അതുവഴി വന്ന സി.എം.തോമസച്ചൻ (ഇപ്പോഴത്തെ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവ ) ആണെന്ന് അപ്പച്ചൻ പറഞ്ഞി ട്ടുള്ളതും ഞാൻ ഈ അവസരത്തിൽ ഓർക്കുന്നു. സുവ്യക്തമായ നിലപാടുകളും വ്യക്തിബന്ധങ്ങളും ഒരേസമയം കാത്തുസൂക്ഷിക്കാൻ അപ്പച്ചന് കഴിഞ്ഞിരുന്നു.

ഞങ്ങളുടെ കുടുംബത്തിലെ ചേച്ചിമാരും ആന്റിയും , എൻ്റെ ഭാര്യയും കുട്ടികളും എല്ലായിപ്പോഴും കൂടെ ഉണ്ടായിരുന്നതുകൊണ്ട് അവരെക്കുറിച്ചു പ്രത്യേകമായി എഴുതുന്നതിൻ്റെ ആവശ്യമില്ലല്ലോ.
ഒരു നൂറ്റാണ്ടോളം നീണ്ട ഞങ്ങളുടെ പ്രിയപ്പെട്ട അപ്പച്ചൻ്റെ ജീവിതയാത്രയിൽ കൂടെയുണ്ടായിരുന്ന അനവധി നിരവധി ആളുകളിൽ വളരെ ചുരുക്കം പേരെ മാത്രമേ ഇവിടെ പരാമർശിക്കാൻ കഴിഞ്ഞിട്ടുള്ളൂ.

ഇവിടെ കുറിക്കപ്പെട്ടിട്ടില്ലെങ്കിലും ഞങ്ങളുടെ ഹൃദയത്തിൽ കോറിയിട്ടിരിക്കുന്ന നിങ്ങളോരോരുത്തരോടും അപ്പച്ചനുവേണ്ടി ഞങ്ങൾ നന്ദിയും കടപ്പാടും അറിയിക്കുന്നു.

അപ്പച്ചൻ ഞങ്ങൾക്ക് പകർന്നുതന്ന നന്മനിറഞ്ഞ ജീവിതരീതി പിന്തുടരാനുള്ള ദൈവീകനുഗ്രഹങ്ങൾ പ്രാർത്ഥിച്ചുകൊണ്ട്,

എല്ലാവർക്കും ഒരിക്കൽകൂടി നന്ദി പറഞ്ഞു കൊണ്ട് നിർത്തുന്നു.

വിനയപൂർവ്വം

മാത്യൂസ് ജോർജും
കല്ലറക്കൽ കുടുംബാംഗങ്ങളു

Want your business to be the top-listed Contractor in Kakkanad?
Click here to claim your Sponsored Listing.

Telephone

Address


Kakkanad