Cyber Sree Real Estate Consultancy

Cyber Sree Real Estate Consultancy

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Cyber Sree Real Estate Consultancy, Estate agent, PB NO 30 IRITTY, Kannur.

Photos 18/03/2015
Photos 24/06/2014

കുട്ടികളുടെ വൈകാരികവിക്ഷോഭങ്ങള്‍ അറിയണമെങ്കില്‍ അവരുടെ സ്വാഭാവികമായ പ്രതികരണങ്ങള്‍ എന്തെന്ന് ആദ്യം തിരിച്ചറിയേണ്ടതുണ്ട്. കുട്ടികളുടെ മാനസികവ്യാപാരങ്ങള്‍ മുതിര്‍ന്നവരില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമാണ്. കണ്ടുശീലിച്ച കാര്യങ്ങള്‍ കുട്ടികളുടെ പെരുമാറ്റത്തെ സ്വാധീനിക്കാറുണ്ട്. വ്യക്തിപരമായ വ്യത്യാസങ്ങള്‍ മാറ്റിവെച്ചാല്‍ അവരുടെ വികാരങ്ങള്‍ക്ക് ചില പൊതുസ്വഭാവങ്ങളുണ്ടെന്നു കാണാം.

കുട്ടികളുടെ വികാരപ്രകടനങ്ങള്‍ ചുരുങ്ങിയ സമയത്തേക്കു മാത്രമേ നില്ക്കുകയുള്ളൂ. മനസ്സില്‍ തോന്നുന്നത് അതേപടി ഉടന്‍ പുറത്തെടുക്കുന്നതാണ് അവരുടെ രീതി. മനസ്സില്‍ അവ കെട്ടിക്കിടക്കാന്‍ അവസരമില്ലാത്തതിനാല്‍ ഉള്ള് കലുഷമാവില്ല. മുതിരുമ്പോഴാണ് വികാരങ്ങളെ നിയന്ത്രിക്കണമെന്ന തോന്നലുണ്ടാവുക. അപ്പോള്‍ എടുത്തടിച്ചപോലുള്ള പ്രതികരണങ്ങള്‍ കുറയും. പിന്നെയാണ് ഉള്ളിലൊതുക്കുന്ന പ്രശ്‌നങ്ങള്‍ പല 'മൂഡ്' ആയി പ്രത്യക്ഷപ്പെടുക. അവ മനോനില പരോക്ഷമായി വെളിപ്പെടുത്തും.

കുട്ടികളുടെ വികാരങ്ങള്‍ തീവ്രമാണ്. സങ്കടമായാലും സന്തോഷമായാലും ദേഷ്യമായാലും ഉച്ചത്തിലാണ് പ്രകടിപ്പിക്കുക. തീരേ ചെറിയ കാര്യങ്ങള്‍ക്കുപോലും അമിതപ്രാധാന്യം കൊടുത്തുകൊണ്ടുള്ള പെരുമാറ്റം മുതിര്‍ന്നവര്‍ക്ക് അതിശയമുണ്ടാക്കാറുണ്ട്.

അവരുടെ മനോനില ചഞ്ചലമാണ്. ചിരിയില്‍നിന്ന് കരച്ചിലിലേക്കും കരച്ചിലില്‍നിന്ന് കളിയിലേക്കും കളിയില്‍നിന്ന് ദിവാസ്വപ്‌നത്തിലേക്കും ചാഞ്ചാടാന്‍ ഒരു ബുദ്ധിമുട്ടുമില്ല. മനസ്സ് ശുദ്ധമായതുകൊണ്ടാണ് ഈ മാറ്റം എളുപ്പമാവുന്നത്. ശുദ്ധി ഉണ്ടാവുന്നതോ അപ്പപ്പോള്‍ വികാരങ്ങള്‍ പ്രകടിപ്പിച്ച് ഒഴിവാക്കുന്നതുകൊണ്ടും. അനുഭവങ്ങളുടെ ഭാരമില്ലാത്തതും അധികനേരം ഒന്നില്‍ത്തന്നെ ശ്രദ്ധ പിടിച്ചുനിര്‍ത്താനാവാത്തതും മനസ്സിന്റെ ചാഞ്ചാട്ടത്തിനു കാരണങ്ങളാണ്.

കുട്ടികളില്‍ വികാരങ്ങള്‍ നിരന്തരം വന്നുപൊയ്‌ക്കൊണ്ടിരിക്കും. അത് പ്രകടിപ്പിക്കുമ്പോള്‍ കിട്ടുന്ന അഭിനന്ദനമോ ശാസനയോ ആണ് പെരുമാറ്റം തുടരാനോ നിയന്ത്രിക്കാനോ അവരെ പ്രേരിപ്പിക്കുന്നത്.

വികാരം പ്രകടിപ്പിക്കുന്ന രീതിയും വ്യത്യസ്തമാണ്. ഒരു കുഞ്ഞ് പേടി തോന്നിയാല്‍ അമ്മയുടെ മടിയിലൊളിക്കും. മറ്റൊരാള്‍ മുറിക്കു പുറത്തേക്കോടും. ഇനിയുമൊരാള്‍ വലിയവായില്‍ നിലവിളിക്കും. ഒന്ന് മറ്റൊന്നുമായി താരതമ്യം ചെയ്യേണ്ടതില്ല.

മുതിര്‍ന്നവരുടെ ഉള്ളിലിരിപ്പ് അറിയാന്‍ ബുദ്ധിമുട്ടാണ്. എന്നാല്‍ കുട്ടികളുടെ മനസ്സ് അവരുടെ പെരുമാറ്റത്തില്‍ വ്യക്തമാവും. എല്ലാം തുറന്നു പറഞ്ഞില്ലെങ്കിലും ശരീരഭാഷയിലൂടെ കുട്ടികള്‍ ഉള്ളിലുള്ളത് വെളിപ്പെടുത്താറുണ്ട്. ഇരിക്കപ്പൊറുതിയില്ലായ്മ, എന്തിലെങ്കിലും തെരുപ്പിടിച്ചുകൊണ്ടിരിക്കുക, നിരുത്സാഹിയായി ചടഞ്ഞുകൂടുക, രോഗലക്ഷണങ്ങള്‍ കാട്ടുക, നഖം കടിക്കുക, കിടക്കയില്‍ മൂത്രമൊഴിക്കുക, വിചിത്രമായ പെരുമാറ്റത്തിലൂടെ ശ്രദ്ധ ക്ഷണിക്കുക, കണ്ണിമ നിര്‍ത്താതെ ചിമ്മുക, സംസാരിക്കുമ്പോള്‍ വിക്കുക, നിര്‍ത്താതെ കരയുകയോ ചിരിക്കുകയോ ചെയ്യുക, വിരല്‍ കുടിക്കുക, വെറുതേ തല ചൊറിയുക, ധിക്കാരവും അകല്‍ച്ചയും കാണിക്കുക എന്നിങ്ങനെ വികാരങ്ങള്‍ പല രീതിയില്‍ പ്രകടമാവും. ചിലത് മനഃപൂര്‍വം ചെയ്യുന്നതായിരിക്കും. മറ്റു ചിലത് ബോധപൂര്‍വമല്ലാതെ പുറത്തു ചാടുന്നതുമാവാം.

വികാരങ്ങളുടെ തീവ്രത കുട്ടി വളരുന്തോറും കുറയും. സ്‌കൂളില്‍ പോയിത്തുടങ്ങുന്ന കുട്ടി ആ ഘട്ടത്തില്‍ പല ബുദ്ധിമുട്ടുകളും തനിക്കും വീട്ടുകാര്‍ക്കും സൃഷ്ടിക്കാറുണ്ട്. സ്‌കൂളുമായി പരിചയമാവുമ്പോള്‍ പ്രതിഷേധം മയപ്പെടും. ക്രമേണ അതില്ലാതാവും. മാറ്റത്തിന്റെ എല്ലാ ഘട്ടങ്ങളിലും ഇത് ബാധകമാണ്. ആഗ്രഹിക്കുന്ന വസ്തു കിട്ടിയില്ലെങ്കില്‍ കുട്ടി ബഹളക്കാരനാവും. മുതിരുമ്പോള്‍ ഇത്തരം കാര്യങ്ങളില്‍ അത്ര ശാഠ്യം ഉണ്ടാകില്ല. സ്‌കൂള്‍കാലം കഴിയുമ്പോഴേക്കും സമൂഹം അംഗീകരിച്ച പെരുമാറ്റരീതികള്‍ അവലംബിക്കാനും അവയ്ക്കനുസരിച്ച് ജീവിക്കാനുമുള്ള സന്നദ്ധത സാധാരണ കുട്ടികളില്‍ രൂപംകൊണ്ടിരിക്കും.

ഭയം, ഉത്കണ്ഠ, സ്‌നേഹം, അസൂയ, കൗതുകം, ആനന്ദം എന്നിങ്ങനെ നാനാ വികാരങ്ങള്‍ ഭരിക്കുന്ന കുഞ്ഞുമനസ്സുകളെ അറിയാന്‍ ക്ഷമയും സമയവും ഉണ്ടാക്കണം. കുട്ടിക്കു ദോഷകരമായ രീതിയില്‍ വികാരങ്ങള്‍ പിടിമുറുക്കുന്നുണ്ടെങ്കില്‍ മുളയില്‍ത്തന്നെ നുള്ളണം. സ്വാഭാവികമായ പ്രതികരണങ്ങളില്‍നിന്ന് വ്യത്യസ്തമായ എന്തും സംശയിക്കേണ്ടതാണെന്ന് തിരിച്ചറിയണം. അതിനു പിന്നില്‍ കാരണം കാണുമെന്ന് ഉറപ്പാണ്.

അതിവൈകാരികതയും അരക്ഷിതബോധവും
കുട്ടികളുടെ വൈകാരികനിലയില്‍ അടിക്കടി ഉണ്ടാകുന്ന ഉയര്‍ച്ചതാഴ്ചകള്‍ പല കാരണങ്ങള്‍കൊണ്ടാവാം. അവന്റെ ധിക്കാരമോ അധികപ്രസംഗമോ അലസതയോ ശ്രദ്ധക്കുറവോ മുതിര്‍ന്നവര്‍ സ്വന്തം അളവുകോല്‍വെച്ച് വ്യാഖ്യാനിക്കേണ്ടതല്ല. ഒരു കുട്ടിയും ആഗ്രഹിച്ചുകൊണ്ട് മോശക്കാരനാവുന്നില്ല. അവന്റെ കുറവുകളായി മറ്റുള്ളവര്‍ ചൂണ്ടിക്കാട്ടുന്ന സംഗതികള്‍ക്കു പിന്നില്‍ ശാരീരികവും മാനസികവും സാഹചര്യപ്രേരിതവുമായ കാരണങ്ങളുണ്ടായിരിക്കാം.

ശരീരത്തിലുണ്ടാകുന്ന രോഗങ്ങളും വൈകല്യങ്ങളും ഉത്സാഹത്തെ ബാധിക്കും. അനാരോഗ്യം, ക്ഷീണം, വിശപ്പ് എന്നിവ പ്രധാന ഘടകങ്ങളാണ്. ഭക്ഷണവും വിശ്രമവും ഉത്തേജനവും വേണ്ടത്ര കിട്ടാതെ വന്നാല്‍ കുട്ടികള്‍ അസ്വസ്ഥരും നിരുന്മേഷവാന്മാരും കോപികളുമായി കാണപ്പെടാറുണ്ട്. കൊച്ചുകുട്ടികളാണെങ്കില്‍ വിശപ്പും ദാഹവും അറിയാതെ കളിയില്‍ മുഴുകുകയും അങ്ങനെ ഉണ്ടാകുന്ന ക്ഷീണത്താല്‍ പെട്ടെന്ന് ക്ഷുഭിതരാവുകയും ചെയ്യും. നഴ്‌സറി കുട്ടികള്‍ക്കിടയില്‍ നടത്തിയ പഠനം എടുത്തുകാട്ടുന്നത് കളിക്കിടയില്‍ ആവശ്യത്തിനു ഭക്ഷണവും വിശ്രമവും ലഭിക്കാത്തവരില്‍ ബഹളമുണ്ടാക്കാനുള്ള പ്രവണത കൂടുതലായിരിക്കുമെന്നാണ്.

പോഷകക്കുറവോ ദഹനക്കുറവോ കണ്ണ്, തൊണ്ട, ചെവി എന്നിവയ്ക്കു കുഴപ്പങ്ങളോ ഉള്ള കുട്ടികള്‍ക്ക് വൈകാരികപ്രശ്‌നങ്ങളുള്ളതായി കാണാറുണ്ട്. ദീര്‍ഘകാലം രോഗികളായ കുട്ടികള്‍ അതിവൈകാരികത ഉള്ളവരാണെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ആസ്ത്മ, പ്രമേഹം തുടങ്ങിയ രോഗങ്ങളുള്ളവര്‍ വൈകാരിക അസ്ഥിരത പ്രകടിപ്പിക്കാറുണ്ട്.

പ്രായപൂര്‍ത്തിയോടടുക്കുമ്പോള്‍ ശരീരഗ്രന്ഥികളിലുണ്ടാവുന്ന മാറ്റങ്ങള്‍ കുട്ടികളുടെ മനോനിലയെ കാര്യമായി ബാധിക്കും. വ്യതിയാനങ്ങള്‍ എത്ര പെട്ടെന്നാണോ അത്ര തീവ്രമായിരിക്കും സമ്മര്‍ദങ്ങളും. വേഗം പ്രായപൂര്‍ത്തിയിലെത്തുന്ന കുട്ടികള്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് മാനസികസംഘര്‍ഷം കൂടുതലാണെന്ന് കാണാം. ശരീരഗ്രന്ഥികളുടെ പ്രവര്‍ത്തന ഉച്ചാവസ്ഥ കടുത്ത സംഘര്‍ഷം ഉണ്ടാക്കുന്നതാണ്. ചെറിയ പ്രകോപനങ്ങളോടുപോലും കൗമാരക്കാര്‍ കഠിനമായി പ്രതികരിക്കുന്നതിന്റെ ഒരു കാരണമിതാണ്.

പെരുമാറ്റത്തിലും ചിന്തയിലും വരുന്ന മാറ്റങ്ങള്‍ക്കു പിന്നിലുള്ള മറ്റു ഘടകങ്ങള്‍ പ്രധാനമായും ബുദ്ധിയും ലക്ഷ്യബോധവുമായി ബന്ധപ്പെട്ടിരിക്കുന്നു. കുട്ടി സാഹചര്യങ്ങളെ എങ്ങനെ വിലയിരുത്തുന്നുവെന്നതും ലക്ഷ്യം പരാജയപ്പെടുമ്പോള്‍ ഏതു രീതിയില്‍ പ്രതികരിക്കുന്നുവെന്നതും പ്രധാനമാണ്. തന്നെക്കുറിച്ച് അച്ഛനമ്മമാര്‍ക്കും തനിക്കുതന്നെയുമുള്ള പ്രതീക്ഷകള്‍ തെറ്റുകയും നിരന്തരം പരാജയം ഏറ്റുവാങ്ങുകയും ചെയ്യുന്ന കുട്ടിയെ ഭീതിയും ഉത്കണ്ഠയും പിടികൂടുന്നു. സാമൂഹികസമ്മര്‍ദങ്ങളും ഇക്കാര്യത്തില്‍ പ്രധാനപങ്ക് വഹിക്കുന്നുണ്ട്.

കുട്ടികള്‍ എങ്ങനെ വളരണമെന്നും പെരുമാറണമെന്നും ഓരോ സമൂഹവും ചില ചട്ടക്കൂടുകള്‍ വെച്ച് കല്പനകള്‍ പുറപ്പെടുവിക്കുന്നു. അതിനനുസൃതമായി മുന്നോട്ടു പോകാന്‍ കഴിയാത്തവര്‍ പിന്തള്ളപ്പെടുകയാണ്. ആണ്‍കുട്ടികള്‍ക്ക് സമൂഹം താരതമ്യേന ഉയര്‍ന്ന ലക്ഷ്യങ്ങളാണ് അടയാളമിട്ടുകൊടുക്കുന്നത്. അതിനാല്‍ ആണ്‍കുട്ടികളില്‍ മത്സരബുദ്ധിയും പരാജയഭീതിയും കൂടുതലായി കാണപ്പെടുന്നു. സാമ്പത്തികവും സാമൂഹികവുമായി താഴേത്തട്ടിലുള്ള കുട്ടികളെക്കാള്‍ വൈകാരികസംഘര്‍ഷം മധ്യവര്‍ഗകുടുംബത്തിലെ കുട്ടികള്‍ അനുഭവിക്കുന്നുവെന്നതാണ് കണ്ടെത്തല്‍. ഇതിനു കാരണം ഇവരില്‍ കുടുംബവും സമൂഹവും കൂടുതല്‍ പ്രതീക്ഷ വെക്കുകയും അതു സാധിച്ചെടുക്കാന്‍ കടുത്ത സമ്മര്‍ദം ചെലുത്തുകയും ചെയ്യുന്നു എന്നതാണ്. മുതിര്‍ന്നവരുടെ പ്രതീക്ഷയും അതു നിറവേറ്റിക്കൊടുക്കാനുള്ള കുട്ടികളുടെ ശേഷിയും തമ്മിലുള്ള അന്തരമാണ് പ്രശ്‌നത്തിന്റെ ഉറവിടം. സ്‌നേഹലാളനകളുടെ അഭാവം കുട്ടികളെ വിഷാദവാന്മാരോ പരുക്കന്മാരോ ആക്കുമെന്നും ഓര്‍ക്കേണ്ടതാണ്. കുട്ടികളിലും കാണപ്പെടുന്ന സ്‌കിസോഫ്രീനിയ എന്ന മാനസികരോഗവും അസ്വാഭാവികമായ പെരുമാറ്റങ്ങള്‍ക്ക് കാരണമാകാറുണ്ട്`അതിനു സൈക്യാട്രിസ്റ്റിന്റെ സഹായം തേടുകതന്നെ വേണം.

വളര്‍ന്നുവരുന്ന അന്തരീക്ഷമാണ് വൈകാരികനില നിശ്ചയിക്കുന്ന മറ്റൊരു പ്രധാനഘടകം. എപ്പോഴും കാലുഷ്യവും അസ്വസ്ഥതയും നിറഞ്ഞുനില്ക്കുന്ന അന്തരീക്ഷം കുട്ടികളെ വികാരജീവികളാക്കും. ജീവിതയാഥാര്‍ഥ്യങ്ങളെ നേരിടാനുള്ള ശക്തിയും മനസ്സാന്നിധ്യവും ഇവര്‍ക്കു നഷ്ടപ്പെടും.

തരുണ്‍ എന്ന പതിനാലുകാരന്റെ ജീവിതം ഉദാഹരണമാണ്. മാനസികാസ്വാസ്ഥ്യമുള്ള അമ്മയും, നിരാശനും ദേഷ്യക്കാരനുമായ അച്ഛനുമാണ് അവന്റെ കുടുംബം. വീട്ടില്‍ എപ്പോഴും വഴക്കും പരാതിയും ശാപവാക്കുകളും മാത്രം. കൂടപ്പിറപ്പുകളില്ലാത്ത തരുണിന് തന്റെ സങ്കടങ്ങള്‍ പങ്കിടാന്‍ ആരുമില്ല. സുഹൃത്തുക്കളോടോ ടീച്ചര്‍മാരോടോ പറയാന്‍ അഭിമാനബോധം അനുവദിക്കുന്നില്ല. സ്‌കൂള്‍ വിട്ടാല്‍ വല്ലയിടത്തും അലഞ്ഞുതിരിയുന്ന കുട്ടി രാത്രിയാണ് വീടെത്തുക. പഠിക്കാന്‍ ശ്രദ്ധ കിട്ടാത്തതുകൊണ്ട് എല്ലാ വിഷയത്തിലും തോല്‌വി. ടീച്ചര്‍മാരോ കൂട്ടുകാരോ എന്തെങ്കിലും ചോദിച്ചാല്‍ അവന്‍ ഉറക്കെ കരയും. ചിലപ്പോള്‍ ബോധംകെട്ടു വീഴും. ഒടുവില്‍ സ്‌കൂളധികൃതര്‍ തരുണിനെ അവഗണിക്കാന്‍ തുടങ്ങി. അവന്‍ നന്നായാലും പിഴച്ചാലും ആര്‍ക്കും ഗുണവും ദോഷവുമില്ലെന്ന സ്ഥിതി. തരുണ്‍ എങ്ങനത്തെ വ്യക്തിയായിട്ടാണ് ഭാവിയില്‍ വളരുക? ആരാണവന്റെ ജീവിതം ഇരുട്ടിലാഴ്ത്തുന്നത്?

കുട്ടികളെ അവഗണിക്കുന്ന രക്ഷിതാക്കളെപ്പോലെത്തന്നെ ദോഷം ചെയ്യുന്നുണ്ട് അമിതമായി ലാളിക്കുകയും അവരുടെ കാര്യത്തില്‍ അതിരുകവിഞ്ഞ ഉത്കണ്ഠ പ്രകടിപ്പിക്കുകയും ചെയ്യുന്ന രക്ഷിതാക്കള്‍. അച്ഛനമ്മമാരുടെ ശക്തിയും ദൗര്‍ബല്യങ്ങളും മക്കളെ ബാധിക്കും. സ്‌കൂളില്‍ ലഭിക്കുന്ന അംഗീകാരവും അവഗണനയും ജയപരാജയങ്ങളില്‍ നിര്‍ണായകസ്വാധീനം ചെലുത്തും. മുതിര്‍ന്നവരുടെ ഓരോ വാക്കും പ്രവൃത്തിയും കുട്ടികളുടെ വ്യക്തിത്വം കെട്ടിപ്പടുക്കുന്ന ബില്‍ഡിങ് ബ്ലോക്കുകളാണ്. മേല്പറഞ്ഞ കാരണങ്ങളൊക്കെ പരിഗണിച്ചാണ് കുട്ടിയുടെ പ്രശ്‌നങ്ങളില്‍ ഇടപെടേണ്ടത്. പരിഹാരം ഒറ്റമൂലിയിലല്ല, പലതിലും തേടേണ്ടിവരും. ഇവയൊന്നുമല്ലാത്ത കാരണങ്ങളുണ്ടോ എന്നും അന്വേഷിക്കണം. വെല്ലുവിളികളെ നേരിടാനുള്ള ഭയവും ശ്രദ്ധ ലഭിക്കാനുള്ള ഉത്കടമായ ആഗ്രഹവും അതിവൈകാരികതയ്ക്കു പിന്നിലുണ്ടാകാം.

എന്റെയും നിങ്ങളുടെയും കുഞ്ഞുങ്ങള്‍
എട്ടാംക്ലാസ്സുകാരിയായ റീന പഠിക്കാന്‍ മിടുക്കിയാണ്. കാണാന്‍ ഓമനത്തമുള്ള കുട്ടി. അച്ഛനും അമ്മയും കോളേജ് അധ്യാപകര്‍. നഗരത്തിലെ സ്വകാര്യസ്‌കൂളില്‍ പഠിക്കുന്ന കുട്ടി, പാട്ടിലും നൃത്തത്തിലുമൊക്ക പ്രവീണയാണ്. വീട്ടിലും സ്‌കൂളിലുമായി ഒതുങ്ങിക്കൂടുന്ന പ്രകൃതമുള്ള റീന ഒരു യുവാവുമായി അടുപ്പത്തിലായി. ക്ലാസ് വിട്ടാല്‍ യുവാവിനോടൊപ്പം ചുറ്റിക്കറങ്ങും. വീട്ടില്‍ ചോദിച്ചാല്‍ സ്‌പെഷ്യല്‍ക്ലാസ്സാണ് അല്ലെങ്കില്‍ കൂട്ടുകാരിയുടെ വീട്ടില്‍ പോയി എന്നൊക്കെ പറഞ്ഞ് തടിതപ്പും.

റീനയുടെ പുതിയ ബന്ധം അടുത്ത വീട്ടിലെ അങ്കിള്‍ അറിയാനിടയായി. ഉച്ചയൂണ്‍ സമയത്തും വൈകീട്ടും ഐസ്‌ക്രീം പാര്‍ലറുകളിലും പാര്‍ക്കുകളിലും കുട്ടിയെ യുവാവിനൊപ്പം കണ്ട കാര്യം അദ്ദേഹം റീനയുടെ അച്ഛനെ ധരിപ്പിച്ചു. എന്നാല്‍ 'എന്റെ മോളെപ്പറ്റി അപവാദം പറഞ്ഞുനടക്കാതെ സ്വന്തം മോളെ മര്യാദയ്ക്കു വളര്‍ത്താന്‍ നോക്കിയാല്‍ മതി' എന്ന റീനയുടെ അച്ഛന്റെ മറുപടി അയല്‍വാസിക്ക് മുഖത്തടിച്ചതുപോലെയാണ് തോന്നിയത്.

പിന്നീടദ്ദേഹം ഒരു കുട്ടിയുടെ കാര്യത്തിലും ആവശ്യമില്ലാത്ത ഉത്കണ്ഠ കാണിച്ചില്ല. പക്ഷേ, വൈകാതെ റീനയെ യുവാവിനൊപ്പം ഒരു സ്ഥലത്തുനിന്നു പോലീസ് പിടികൂടി. അപമാനിതരായ രക്ഷിതാക്കളുടെ രോഷം മുഴുവന്‍ ഏറ്റുവാങ്ങേണ്ടിവന്ന കുട്ടി സ്‌കൂളിലും പരിഹാസപാത്രമായി. സഹിക്കവയ്യാതെ അവള്‍ ആത്മഹത്യ ചെയ്തു.

രക്ഷിതാക്കള്‍ തകര്‍ന്നുപോയി. ഒരേയൊരു മകളെ നഷ്ടപ്പെട്ടതിനെക്കാള്‍ വലിയ ദുഃഖമായിരുന്നു അവളെ ആപത്തിന്റെ സമയത്ത് തുണച്ചില്ലല്ലോ എന്ന ആത്മനിന്ദ. പല രക്ഷിതാക്കള്‍ക്കും പറ്റുന്ന തെറ്റാണിത്. സ്വന്തം മക്കളെപ്പറ്റി അസുഖകരമായതു കേള്‍ക്കേണ്ടിവരുമ്പോള്‍ അതു വേണ്ട രീതിയില്‍ ഉള്‍ക്കൊള്ളാനോ തിരുത്താനോ ശ്രമിക്കാതെ പറഞ്ഞയാളുടെ നേര്‍ക്ക് ആക്ഷേപം ചൊരിയാനാണ് മുതിരുക. സ്വന്തം കുട്ടിയെ മറ്റൊരാള്‍ നേര്‍വഴിയില്‍ നടത്താന്‍ ശ്രമിക്കുന്നത് തങ്ങള്‍ക്ക് അപമാനമാണെന്നവര്‍ കരുതുന്നു. സത്യം അറിയാനും അംഗീകരിക്കാനും തയ്യാറാവുന്നില്ല. സ്വന്തം കുട്ടിയെപ്പോലെ കരുതി മറ്റേയാള്‍ മകളുടെ കാര്യത്തില്‍ കാണിച്ച താത്പര്യത്തിനു നന്ദിയും സത്‌വാക്കും പറഞ്ഞ് മകളെ ശരിയായ വഴിയില്‍ നയിക്കുകയായിരുന്നു റീനയുടെ അച്ഛന്‍ ചെയ്യേണ്ടിയിരുന്നത്. മക്കളെ വിശ്വസിക്കണം. പക്ഷേ, ആരും തെറ്റിന് അതീതരല്ലെന്ന വസ്തുത സ്വന്തം മക്കള്‍ക്കും ബാധകമാണെന്ന് മനസ്സിലാക്കണം. എല്ലാം തികഞ്ഞ ആരുണ്ട് ലോകത്തില്‍?

വിശാഖിന്റെ രക്ഷിതാക്കള്‍ക്കും സമാനമായ അനുഭവം പറയാനുണ്ട്. പത്താംക്ലാസ്സുകാരനായ വിശാഖ് സഹപാഠിയോടുള്ള ദേഷ്യം തീര്‍ത്തത് പുറമേനിന്ന് ഗുണ്ടാസംഘത്തെ ഏര്‍പ്പെടുത്തിയാണ്. സൈമണ്‍ എന്ന കുട്ടിയുമായുണ്ടായ നിസ്സാരമായ വഴക്ക് മൂത്ത് അടിപിടിയിലെത്തി. കൂട്ടുകാര്‍ ഇടപെട്ട് വഴക്ക് തീര്‍ത്തെങ്കിലും സൈമണെ സ്‌കൂളിനു പുറത്തുവെച്ച് നേരിടാന്‍ വിശാഖ് ഗുണ്ടകളെ വരുത്തി. അടി കൊണ്ട് അവശനായ സൈമണ്‍ വീട്ടില്‍ച്ചെന്നു കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ സൈമണിന്റെ പപ്പ വിശാഖിന്റെ അച്ഛനെ വിളിച്ച് കാര്യങ്ങള്‍ പറഞ്ഞു. വിശാഖ് അത്തരക്കാരനല്ലെന്നും സൈമണിന്റെ കൈയിലിരിപ്പാണ് മോശമെന്നും അയാള്‍ തിരിച്ചടിച്ചു. പപ്പയുടെ നിര്‍ദേശപ്രകാരം സൈമണ്‍ വഴക്കിനുപോകാതെ പഠിത്തവുമായി ഒതുങ്ങിക്കൂടി. എന്നാല്‍ വിശാഖിന്റെ വഴി തെറ്റി. കഞ്ചാവ് വില്പനക്കാരുടെയും ബ്ലേഡ്മാഫിയയുടെയും ശിങ്കിടിയായിത്തീര്‍ന്ന വിശാഖ് താമസിയാതെ പോലീസിന്റെ പിടിയിലകപ്പെട്ടു.

കുട്ടിയായതിനാല്‍ പോലീസ് കേസെടുത്തില്ലെങ്കിലും സ്‌കൂളില്‍നിന്ന് വിശാഖിനെ പുറത്താക്കി. വിഷാദരോഗത്തിനടിപ്പെട്ട കുട്ടിക്ക് ചികിത്സ വേണ്ടിവന്നു. രണ്ടു വര്‍ഷം പഠനം തടസ്സപ്പെട്ടു. യഥാസമയത്ത് മകന്റെ വഴിവിട്ട പോക്ക് അറിഞ്ഞിട്ടും വേണ്ടവിധം ഇടപെടാന്‍ തയ്യാറാവാത്ത അച്ഛനമ്മമാര്‍ക്കായിരുന്നു കുറ്റബോധം.
നശിക്കുന്നത് സ്വന്തം കുഞ്ഞോ അന്യന്റെ കുഞ്ഞോ എന്നു നോക്കിയാവരുത് മുതിര്‍ന്നവരുടെ ഇടപെടല്‍. കുട്ടികള്‍ക്കു വേണ്ട സമയത്ത് സഹായം കൊടുക്കണം. ഇന്ന് പരിചയക്കാരന്റെ കുട്ടി വീണ കുഴിയില്‍ നാളെ നമ്മുടെ കുട്ടിയാവും വീഴുന്നത്. അപ്പോഴും നമ്മള്‍ നോക്കിനില്ക്കുമോ?

(കുട്ടികളുടെ മനസ്സറിയുക എന്ന പുസ്തകത്തില്‍ നിന്ന്)

Want your business to be the top-listed Realtor/realty Service in Kannur?
Click here to claim your Sponsored Listing.

Telephone

Website

Address


PB NO 30 IRITTY
Kannur
670703