Sajith Mathilakath Abdu

Sajith Mathilakath  Abdu

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Sajith Mathilakath Abdu, Writer, Kochi.

25/03/2024

ഇന്ന് സൂപ്പർ മാർക്കറ്റിൽ ചോള പൊടി കണ്ടപ്പോൾ, പണ്ടത്തെ ഉപ്പുമാവിനെ കുറിച്ചും സരസുമ്മായി യെ കുറിച്ചും പെട്ടന്ന് ഓർമവന്നത്.
സരസുമ്മായി, ഞങ്ങളുടെ ഒരു വീടിനപ്പുറം, ഒരു ചെമ്മൺ പാതയും, കടന്നാൽ(ഇപ്പോൾ അതു ടാറിട്ട റോഡ് ആയി )സരസുമ്മായിയുടെ വീടായി. സരസ്വതി എന്നാണ് ശരിക്കും പേര്. ഞങ്ങൾ കുട്ടികൾ ഉൾപ്പെടെ എല്ലാവരും സരസുമ്മായി എന്നാണ് വിളിച്ചിരുന്നത്. അന്ന് അംഗൻ വാടികളില്ല. അന്ന് ചെറിയ കുട്ടികൾക്കും അമ്മമാർക്കും ഉള്ള പോഷകാഹാരം വിതരണം ചെയ്തിരുന്നത് ചില വീടുകൾ വഴിയാണ്. അത്തരം ഒരു വീടായിരുന്നു, സരസുമ്മായിയുടേത്.

ഒരു കമ്മ്യൂണിസ്റ് കുടുംബമായിരുന്നു അവരുടേത്. ജാതി മത ചിന്തകൾ യാതൊന്നും തൊട്ടു തീണ്ടാത്ത ഒരു സ്ത്രീ. അന്നതിന്റെ പ്രാധാന്യം മനസ്സിലാക്കാൻ സാധിച്ചിരുന്നില്ല എങ്കിലും, ഈ കാലത്തിലെ ഈ നിമിഷത്തിൽ പോലും, തീരാ നഷ്ടമായി ഇത്തരം വ്യക്തികളെ ഓർത്തെടുക്കുന്നു.ഉച്ചനീച്ചത്വങ്ങളില്ലാ, ജാതി വേർതിരിവില്ല, ആരുടെ വീട്ടിൽ നിന്നും ഭക്ഷണം കഴിക്കും,നല്ല ഭക്ഷണ പ്രിയ,വിശേഷവസരങ്ങളിൽ അറിഞ്ഞു വരും, എന്റെ ഓർമ്മകൾ അങ്ങിനെയാണ്.
പ്രദീപേട്ടന്റെ Pradeep KTവീടിനു മുൻപിലൂടെയുള്ള, റോഡിനോട് ചേർന്നുള്ള ഒരു പുരയിലാണ് (ഒരു കള പുരയായിരുന്നു അതെന്നാണ് ഓർമ )കുറെയധികം നാളുകൾ സരസുമ്മായി ചോളപൊടികൊണ്ടുള്ള, കുറുക്കു, നുറുക്കു ഗോതമ്പ് ഉപ്പുമാവ്, പാൽ, ഇത്യാദികളൊക്കെ വിതരണം ചെയ്തിരുന്നത്.
ഞാൻ തീരെ ചെറുതായിരുന്നപ്പോൾ, എന്നെയും കൊണ്ട്, ഉമ്മ അവിടം പോകുമായിരുന്നു. പാചകത്തിലൊക്കെ, സരസുമ്മായിയെ ഉമ്മ സഹായിക്കും. അവിടെ യൊരു സർക്കാർ ബോർഡ്‌ തൂക്കിയിട്ടിരുന്നു, എന്തൊക്കെയോ എഴുതിയിരുന്നു അതിൽ. ആ പ്രായത്തിൽ വായിക്കാനറിയാത്തത് കൊണ്ട്, ഇന്നും അതോർമയില്ല. പക്ഷെ, ആ ബോർഡിന്റെ വശം കൊണ്ട് മുറിഞ്ഞു എന്റെ തലയിൽ നിന്നും ചോരവന്നത് പക്ഷെ ഇന്നും നല്ലയോർമയാണ്.ആ പാടുകൾ, പരതിനോക്കിയാൽ തലയിൽ എവിടെയെങ്കിലും ഒക്കെ കാണും. മായാത്ത ചില പാടുകൾ നിറം പകരുന്ന ഓർമകളാണ് പലപ്പോഴും ജീവിതത്തിൽ.
കുറുമ്പ് കൂടിയ എനിക്ക് അങ്ങിനെ തന്നെ വേണമെന്ന്, കുറുക്കു മേടിക്കാൻ വന്ന നീലി, കെറുവ് പറഞ്ഞതും, ഉമ്മ നീലിയുമായി വഴക്കായതും ഓർമ്മ വരുന്നു.🤩🤩
രണ്ടുമൂന്നു ദിവസം മുൻപ് ഫൈസൽ Fisal Kmവിളിച്ചപ്പോൾ സംഭാഷണെ മദ്ധ്യേ പഴയ കാലങ്ങൾ ഓർത്തെടുക്കവേ, സരസുമ്മായിയും കടന്നു വന്നു. എന്റെ ഓർമ്മകൾ ഇങ്ങിനെ കുത്തി ക്കുറിച്ചുവെന്നു മാത്രം.
സരസുമ്മായി ഓർമയായിട്ട് വർഷങ്ങളായി.
എന്റെ ജീവിതത്തിനു നിറം പകർന്നതിൽ കോവിലകം എന്ന ആ ദേശത്തിന് വലിയൊരു പങ്കുണ്ട്. അവിടെ ഞാൻ കണ്ട മനുഷ്യരല്ലാം ഒരു വിധത്തിലല്ലെക്കെങ്കിൽ, മറ്റൊരു വിധത്തിൽ എന്നെ സ്വാധീനിച്ചിട്ടുണ്ട്. അത് നെഗറ്റീവ് ആയാലും പോസിറ്റീവ് ആയാലും.
ജീവിതമെന്ന പുസ്തകത്തിലെ, ഏടുകളിലോന്നായി എപ്പോഴെങ്കിലുമൊക്കെയായി, സ്ഥാനം പിടിച്ച, സരസ്വതി ചേച്ചി എന്ന സരസുമ്മായിയുടെ ഓർമകൾക്ക് മുൻപിൽ പ്രണാമം 💞🙏🙏🙏

19/02/2024

# മറവിയുടെ ചുഴികൾ #
- *******

അപ്പൂനെ അച്ഛ, എങ്ങോട്ടാ കൊണ്ട് പോണേ?
കയ്യിൽ പിടിച്ച് ധ്യതിയിൽ നടന്ന് നീങ്ങുന്ന രഘുവിനോട് , അപ്പു ചിണുങ്ങി കൊണ്ട് ചോദിച്ചു.
തമ്പായിയെ കാണാൻ മോനല്ലേ ആഗ്രഹം പറയാറ്. ഗുരുവായൂർ അമ്പലത്തിലേക്കാ.കണ്ണനെ കാണാൻ.

അപ്പൂന് സന്തോഷായി
അപ്പോ ഉണ്ണിക്കണ്ണനെ കാണാൻ പറ്റോ

പിന്നെ, കൺ നിറയെ കാണാം.
അച്ഛയുടെ വാക്കുകൾ അവനെ പുളകം കൊള്ളിച്ചു.

ദേ അച്ഛാ ഐസ്ക്രീം,
ഒരെണ്ണം വാങ്ങി തരോ.,,
അവൻ്റെ നിഷ്കളങ്ക ചോദ്യത്തിന് മുമ്പിൽ അയാളുടെ മനസ്സലിഞ്ഞു '
അപ്പു ഐസ്ക്രിം ആസ്വദിച്ച് കഴിച്ചു, ചിരിച്ച് കൊണ്ടവൻ തല തിരിച്ച് അച്ഛനെ നോക്കി ഇഷ്ടത്തോടെ .,
കിഴക്കേ നടയിലെത്തിയപ്പോഴേക്കും നല്ല തിരക്കായി. തിരക്കിനിടയിലൂടെ അവൻ അച്ഛയുടെ കൈവിട്ട് പോകാതിരിക്കാൻ പരമാവധി മുറുക്കെ പിടിച്ചു.അയാസപ്പെട്ടവർ കിഴക്കേ നടയിലെ ഭണ്ഡാരത്തിനരികിലെത്തി.അച്ഛനവനെ കൈകൾ കൊണ്ടു മേലോട്ടുയർത്തി കണ്ണനെ തൊഴുവിച്ചു:
താഴെ നിർത്തിയതിന് ശേഷം സാവാധാനം അയാൾ തൊഴാനെന്ന വ്യാജേനെ മുന്നോട്ട് നീങ്ങി.അപ്പു വേഗത്തിൽ ഓടി അയാളുടെ കയ്യിൽ മുറുകെ പിടിച്ചു.അയാളത് പ്രതിക്ഷിച്ചില്ല.
രഘുവിൻ്റെ കയ്യിൽ മുറുകെ പിടിച്ച് അപ്പു ചുറ്റിലും ഭീതിയോടെ നോക്കി. എന്തോ ഉൾഭയം അവനെയാകെ ഗ്രസിച്ചു.

മേൽപ്പത്തൂർ ഓഡിറ്റോറയത്തിൻ്റെ കാൽപടിയിൽ അവനെ ഇരുത്തി കൊണ്ടയാൾ പറഞ്ഞു.
മോനിവിടെയിരിക്ക്, അച്ച പാൽപായസം വാങ്ങിച്ചിട്ടപ്പോൾ വരാം ട്ടാ.
പായസമെന്ന് കേട്ടപ്പോൾ സന്തോഷം കൊണ്ടവൻ തല കുലുക്കിയയാളെ യാത്രയാക്കി. അമ്മപോയതിൽ പിന്നെ പായസ്സത്തിൻ്റെ രുചി താനറിഞ്ഞിട്ടില്ല.
അനിയൻമാർക്ക് ചിറ്റമ്മ ഉണ്ടാക്കി കൊടുത്താലും, തനിക്ക് തരാറില്ല. ചോദിച്ചാൽ വഴക്കും പറയും, അടിക്കുകയും ചെയ്യും. അവൻ കൊതിയോടെ പയസത്തിനായി കാത്തിരുന്നു.

സമയം നീണ്ടു പോയി, നാഴികകളും മണിക്കൂറുകളും കഴിഞ്ഞിട്ടും രഘു, മകൻ്റെയടുത്തേക്ക് തിരികെയെത്തിയില്ല.അവൻ, നിശബ്ദമായി കരയാൻ തുടങ്ങി. കുഞ്ഞാണെങ്കിലും, അവന് മനസ്സിലായി, അച്ഛൻ തന്നെ മനപ്പൂർവ്വം "മറന്ന് " പോയതാണെന്ന്. ചിറ്റമ്മ എന്നും അച്ഛയോട് പറയാറുള്ളതാണല്ലേ
ആ നശൂലത്തെ നോക്കാൻ എനിക്ക് പറ്റില്ല, എവിടേക്കെങ്കിലും കൊണ്ട് ഉപേക്ഷിക്കാൻ.
അമ്മ മരിച്ചതിന് ശേഷം, അച്ഛൻ രണ്ടാമത് കെട്ടിയതാണ് വൽസ എന്ന ചിറ്റമ്മയെ.
ചിറ്റക്ക് ഇരട്ട കുട്ടികൾ ജനിച്ചതിന് ശേഷം, തന്നെ കണ്ണെടുത്താൽ കണ്ടുടാണ്ടായി. എപ്പോഴും ശകാരിക്കും, തല്ലും, അച്ഛയെ കൊണ്ടും തല്ലിക്കും.
അമ്മയുടെ മുഖമോർത്തപ്പോൾ അവൻ്റെ കണ്ണിൽ നിന്നും കണ്ണീർ ചാലിട്ടിറങ്ങി. വിതുമ്പലടക്കാനാവാതെ അവൻ ഏങ്ങിയേങ്ങി കരഞ്ഞു.

എന്താ കുട്ടി ഒറ്റക്കിങ്ങിനെ യിരുന്നുകരയണേ .

ആരെങ്കിലും മറന്നിട്ടു പോയോ നിന്നെ
മുണ്ടും നേര്യേതും ധരിച്ചൊരമ്മൂമ്മ.
നിറഞ്ഞ ചിരിയുമായി ഐശ്വര്യമുള്ളരൊമ്മ മുന്നിൽ.
അവൻ്റെ തലയിൽ പതിയെ തലോടി, അവനെ ചേർത്തുപ്പിടിച്ചു.
അവനിൽ നിന്നും അവ്യക്തമായ വിവരങ്ങളേയവർക്ക് കിട്ടിയുള്ളുവെങ്കിൽക്കൂടി, ആയമ്മക്ക് അപ്പൂൻ്റെ ദയനീയ സ്ഥിതി പൂർണ്ണമായും മനസ്സിലായി.അച്ഛൻ അമ്പലനടയിൽ ഉപേക്ഷിച്ച് കടന്ന് കളഞ്ഞതാണീ പൊന്നുമോനെയെന്നവർക്ക് മനസ്സിലാകാൻ പ്രയാസമുണ്ടായില്ല-
അവർ ആകാശത്തേക്ക് മിഴികളുയർത്തി ഒരു നിമിഷം നിന്നു.
മോൻ വിഷമിക്കണ്ട അമ്മൂമ്മയുടെ കൂടെ പോന്നോ.നിനക്കവിടെ അച്ഛനും അമ്മയുമൊക്കെയുണ്ടാവും.
അവർ പതിയെയവൻ്റെ കരം കവർന്നു..
കുട്ടികളില്ലാത്ത തൻ്റെ മോന്, ദൈവം തന്ന നിധിയാവും ഈ കുഞ്ഞ്.
അവനും ഭാര്യയും പൊന്നുപോലെ ഇവനെ നോക്കി വളർത്തും.അവർ മനസ്സിലോർത്തുകൊണ്ട് ,സന്തേഷം കൊണ്ട് പുഞ്ചിരി തൂകി.

ചില മറവികൾ നല്ലതാണ്,അതും മന:പൂർവ്വമാകുമ്പോൾ
അവർ പതിയെ പിറുപിറുത്തു

എണിറ്റ് വാ, മോനേ, അമ്മുമടെ കൂടെ വാ
അവൻ യാന്ത്രികമായവരുടെ കൈയും പിടിച്ച് പതിയെ നടന്ന് , കിഴക്കേ നട മുറിച്ച് കടന്നപ്പോൾ അകത്ത് കണ്ണൻ്റെ നട വീണ്ടും തുറക്കുന്ന നിർത്താതെയുള്ള മണിനാദം ചുറ്റിലും മുഴങ്ങി. അവൻ ഏന്തിവലിഞ്ഞ് കണ്ണനെ ഒന്നൂടെ തൊഴുതു.

മനയുടെ പൂമഖത്തേക്ക്‌ ആയമ്മൂമയവനെ തോളോട് ചേർത്ത് പിടിച്ച് പ്രവേശിപ്പിച്ചു. മരുമകളുടെ കയ്യില വനെയേൽപ്പിച്ചു. അപ്പൂന് അവൻ്റെ യമ്മയെ തിരികെ കിട്ടിയിരിക്കുന്നു.

******
രണ്ടാം ഭാര്യയുടെ നിർബന്ധത്തിനു വഴങ്ങി, മകനെ ഉപേക്ഷിച്ച് കടന്ന് കളഞ്ഞ രഘു, റോഡും ,കടന് വീടിനോട് ചേർന്നുള്ള പറമ്പിനരികെയെത്തിയപ്പോഴേ ആൾക്കുട്ടവും ബഹളവും കണ്ടയാൾ ,എന്തോ അസ്വഭാവികത തോന്നി വീട്ടിലേക്ക് കുതിച്ചു.

അകത്ത് നിന്നും ഭാര്യയുടെ ഉറക്കെയുള്ള അലമുറ-
അവിടെയതാ തൻ്റെ മക്കൾ ചലനമറ്റ് കിടക്കുന്നു.. അയാൾക്ക് സ്ഥലകാല ബോധം നഷ്ടപ്പെട്ടു.ശബ്ദിക്കാൻപോലുമാകാതെ രഘു അവിടെ തന്നെ കുനിഞ്ഞിരുന്നു.

ദോശമാവിനായി, ഗ്രൈൻഡർ ഉപയോഗിച്ച ശേഷം, സ്വിച്ച് ഓഫാക്കാൻ മറന്ന് പോയിരുന്നു.ഭാര്യ കുളിക്കാനായി പോയി വന്നപ്പോഴേക്കും രണ്ട് മക്കളും ഷോക്കേറ്റ് ചലനമറ്റ് കിടക്കുന്നു.
ഇരട്ടകളിൽ ഒരാൾ അബന്ധത്താൽ ഗ്രൈൻഡറിൻ്റെ ഇലക്ട്രിക്ക് വയർ ചേരുന്ന ഭാഗത്ത് പിടിച്ചതാവാണം. ഷേകേറ്റ് പിടയുന്നത് കണ്ട് രണ്ടാമൻ കയ്യിൽ കേറി പിടിച്ചതോടെ രണ്ടാളും ഷോക്കേറ്റ് വീഴുകയായിരുന്നു.
ആദ്യ ഭാര്യയിലുണ്ടായ മകനെ, രണ്ടാഭാര്യയുടെ നിർബന്ധത്താൽ മന: പൂർവ്വം മറന്ന് അമ്പലനടയിൽ ഉപേക്ഷിച്ചപ്പോൾ,
ദൈവം ശിക്ഷയായി മറവിയുടെ രൂപത്തിൽ രണ്ട് മക്കളെയും തിരിച്ചെടുത്തിരിക്കുന്നു.

പാപഭാരം അയാളുടെ സമനില തെറ്റിച്ചു
പയ്യെ പയ്യെ
ഓർമ്മകളില്ലാത്ത, മറവിയുടെ അഗാധവും ഭീതികരവുമായ കയത്തിലേക്കയാൾ കൂപ്പുകുത്തിയലയാൻ തുടങ്ങി.

ശുഭം
സജിത്ത് മതിലകത്ത്

24/01/2024

മതം അസ്ഥിക്ക് പിടിച്ച ഒരാളല്ല ഞാൻ

അതെന്റെ പേരിൽ തന്നെ കാണാം

കുറെയേറെ ബന്ധുക്കൾ പരിഹസിച്ചിട്ടും, പുച്ഛിച്ചിട്ടും
എനിക്ക് എന്റെ. പേരിനോളം ഇഷ്ട്ടം മറ്റൊന്നിനോടും തോന്നിയിട്ടുമില്ല.
മാതാന്ധത തലയിലേക്ക് കേറ്റി വിടാറില്ല ഒരിക്കലും

എന്ന് വെച്ചു ഞാനൊരു നിഷ്പക്ഷനുമല്ല. എനിക്ക് വ്യക്തമായ ഒരു രാഷ്ട്രീയ ബോധമുണ്ട്. അതിനു, ഏതു അവസ്ഥയിലും മതത്തെ കൂട്ടു പിടിക്കാറുമില്ല.

എന്തൊക്കെ ഒഴിവു കഴിവുകൾ പറഞ്ഞാലും, സ്വയം സമാധാനിക്കാൻ ശ്രമിച്ചാലും കാലം അത്രയേറെ അസഹിഷ്ണുത നിറഞ്ഞതായി തോന്നുന്നു.
എത്ര വൈകാരികവും വിഷലിപ്തവുമായാണ് ചില FB പോസ്റ്റുകളും പരാമർശങ്ങളും മതാന്ധത മാത്രം അലങ്കാരമാക്കിയവരിൽ നിന്നും അതി തീവ്രമായ ഭാവം പേറി നിർഗമിക്കുന്നത്.
ആ വിഷ പുകകളേറ്റ് സഹിഷ്ണതയും ഉയർന്ന ബൗദ്ധികതലവും കൈമുതലായുള്ള ജനത പോലും മന്ദീഭവിച്ച് പോകുന്നു.അതിനുദാഹരണമാണ് ഞാൻ നിഷ്പക്ഷണനെന്നു അഭിനയിച്ചു കൊണ്ടുള്ള ചില പുതിയ പുതിയ മിതാവാദികൾ നിറഞ്ഞാടുന്ന,കഴിഞ്ഞ രണ്ടു ദിനങ്ങൾ കൊണ്ട് ജീവിതം സാഫല്യമായെന്നു പറയാതെ പറയുന്ന FB പോസ്റ്റുകൾ. അവരെയാണ് വർഗീയ പോസ്റ്റുകൾ ഇടുന്നവരേക്കാൾ ഭയക്കേണ്ടത്. കാരണം വർഗീയ വിഷം ഉള്ളിൽ പേറുന്ന ഏറ്റവും അപകടകാരികൾ അവരാണ്.

എന്ത് മാത്രം ധ്രുവീകരണം സംഭവിച്ചിരിക്കണം മനുഷ്യ മനസ്സുകളിൽ ഞങ്ങളെന്നും നിങ്ങളെന്നും, ഞങ്ങളുടെ ഭൂമിയെന്നും നിങ്ങളിൽ നിന്നും രക്ഷമോഹിച്ചെന്നും, പുതു യുഗമെന്നൊക്കെ ഉറക്കെ ഉച്ഛത്തിൽ ആക്രോശിച്ച് വേർതിരിക്കാൻ.

ഞാനെന്റെ ബാല്യവും കൗമാരവും പിന്നിട്ടകാലത്ത് താമസിച്ചിരുന്നത് ഒരു കൊച്ചു ക്ഷേത്രത്തിന്റെ അരികിലായിരുന്നു.
ചുറ്റിലും ഹിന്ദു വിശ്വാസികളും,ഇസ്ലാം മത വിശ്വാസികളും ഇടകലർന്നു താമസിച്ചിരുന്നു.

അമ്പലത്തിൽ മണിനാദം മുഴക്കി വിളക്ക് കൊളുത്തുന്നത് വരെ ഞങ്ങളാമ്പലമുറ്റത്തായിരിക്കും കൂട്ടുകാരുമായി കളികളിൽ ഏർപ്പെട്ടു

നോമ്പ് നാളുകളിൽ ബാങ്ക് വിളിക്കായി കാത്തിരിക്കുന്ന മുസ്ലിം കുടുംബങ്ങൾക്ക് വ്യക്തമായി ബാങ്ക് വിളി ശ്രവിക്കാൻ, ആ സമയത്ത്
അമ്പലത്തിലെ മൈക്കിൽ നിന്നുമുള്ള ഭക്തി ഗാനം ഉണ്ണിചേട്ടൻ ഓഫ് ചെയ്യുമായിരുന്നു.ബാങ്ക് വിളി കഴിഞ്ഞതിന് ശേഷം വീണ്ടും ഭക്തി ഗാനം തുടരും.
അതായിരുന്ന ഞാൻ കണ്ട ഏറ്റവും വലിയ മതസഹിഷ്ണുതയും,സഹോദര്യവും

എൻറ ബാല്യകാല കൂട്ടുക്കാരൻ ദിനേശ് ശബരി മലക്ക് പോകുമ്പോൾ, അവൻ കെട്ട് നിറക്കുമ്പോൾ പ്രത്യാക ക്ഷണിയിതാവായി എത്രയോ തവണ ഞാനാ ചടങ്ങിന് സാക്ഷ്യം വഹിച്ചിരുന്നു.
മുത്തപ്പന് നിവേദിച്ച പടച്ചോറും ഉണ്ണിയപ്പവും അവരെനിക്ക് പങ്കിട്ട് തന്നത് രുചിയോടെ ആസ്വദിച്ച് കഴിച്ചിരിക്കുന്നു.
മലയിറങ്ങി വരുമ്പോൾ, എനിക്കായി സമ്മാനിച്ച പീച്ച് കളറിലുള്ള ഒരു നേർത്ത കല്ലുമാലോ വർഷങ്ങളോളം ഞാൻ കഴുത്തിലണിഞ്ഞിരുന്നു സ്നേഹ സമ്മാനത്തിന്റെ പവിത്രതയോടെ.

എല്ലാ മലയാളമാസം ഒന്നാം തിയ്യതിക്ക് മുൻപുള്ള ദിവസം കാലേക്കൂട്ടി എന്റെ കയ്യിൽ ഒരു നാണയം തന്ന്, ഒന്നാം തിയ്യതി എന്റ കയ്യിൽ നിന്നും കൈനീട്ടം വാങ്ങിക്കുമായിരുന്നു കോതമ്മ. അതൊരു പഴഞ്ചൻ വിശ്വാസമാണങ്കിൽ കൂടി, ആ വിശ്വാസത്തിലും അന്യമതസ്ഥനായ എന്നെ ചേർത്ത് പിടിച്ചിരുന്നു എന്നുള്ളത് ഇന്ന് ചിന്തിക്കുമ്പോൾ അൽഭുതം തോന്നുണ്ട്.
കോതമ്മ ഓർമ്മയായിട്ട് വർഷങ്ങളായി.
ആ ഒർമ്മകൾക്ക് മുമ്പിൽ കണ്ണു നിറയുന്നവരിൽ,മുൻപിൽ ഒരുപക്ഷെ ഞങ്ങളാവും.

ഇന്നിന്റെ വന്യമായ പാർശ്വവൽക്കരണത്തെ ഭയത്തോടെയാണ് ഞാൻ നോക്കി കാണുന്നത്. അത് എന്നെ കുറിച്ച് മാത്രമുള്ള സ്വാർത്ഥമായ ആകുലതയല്ല.
അത്രമേൽ സുന്ദരമായിരുന്ന ഒരു സാമൂഹിക കൂട്ടായ്മക്ക് സംഭവിക്കുന്ന ധ്രൂവീകരണത്തിന്റെയും മൂല്യച്യുതിയുടെയും ആശങ്ക പേറുന്ന അസ്വസ്ഥതയാണത്.
വിദ്യാഭാസവും ജീവത സാഹചര്യവുമേറുമോൾ മനുഷ്യന് പക്വതയും സഹവർത്തിത്വവും ഏറുമെന്നാണ് കരുതപ്പെടേണ്ടത്. പക്ഷേ ഈ നവീന കാലഘട്ടത്തിൽ നമ്മുടെ സൂചിക ഭയം ജനിപ്പിക്കുമാറ് താഴോട്ടാണല്ലോ

ഈ കെട്ട ക്കാലങ്ങൾ അവസാനിച്ചേക്കുമോ?

ഇത് വായിക്കുന്ന ചില സുഹൃത്തുക്കളെങ്കിലും പതിവ് ശൈലിയിൽ വിമർശനങ്ങളുമായി വനേക്കാം
മനുഷ്യർ വിത്യസതരാണ്,നിലപാടുകളും വിത്യസ്തമാവും പക്ഷെ. അതിലേക്കു വെറുപ്പിന്റെ മതാഗ്നി പകരരുതെന്നു മാത്രം.
പുറമെ നിഷ്പക്ഷത നടിച്ചു, വർഗീയത എന്ന കാളകൂട വിഷം ഉള്ളിൽ പേറുന്ന, മിതവാദികളെയാണ് ഏറെ ഭയക്കേണ്ടത്.

04/01/2024

കഥകൾ വായിക്കാൻ എനിക്കെന്നും ഇഷ്ടമാണ് പണ്ടൊക്കെ കഥകൾ വായിക്കുമ്പോൾ എനിക്കത്ഭുതം തോന്നാറുണ്ട്, കഥാക്കാരന്റെ, ഭാവനെയെയും, അതു അനുവാചകരുടെ മനസ്സിലേക്ക് കടത്തി വിടുന്ന രീതികളെയും ഓർത്തു.

പിന്നീട് ഞാൻ എന്തെങ്കിലുമൊക്ക എഴുതാൻ തുടങ്ങിയ കാലത്താണ്, ചില അനുഭവങ്ങളും, ജീവിതങ്ങളുമൊക്കെ, കഥകളിലേക്ക് ഏറെ സ്വാധീനം ചെലുത്തുന്നു എന്നൊക്കെ മനസ്സിലായി തുടങ്ങിയത്.

ഞാൻ പലപ്പോഴും പറയുന്നത് പോലെ, സുരക്ഷിതമല്ലാത്ത ബാല്യം പിന്നിട്ട ഒരാളാണ് ഞാൻ.
ട്രെയിനിലെ എന്റെ യാത്രകളിൽ കാണുന്ന ബാല്യങ്ങൾ, എന്റെ ആ അരക്ഷിത കാലങ്ങളെ ഓര്മിപ്പിക്കാറുണ്ട്.

പണ്ടത്തെ ഒരു ഓർമയാണ്,
ഞാൻ പഠിക്കുന്ന കാലം.(പഠിപ്പിസ്റ്റ് 🤣)
മഹമൂദിയ എന്ന ധർമ സ്ഥാപനത്തിൽ കുട്ടികൾക്ക് ട്യൂഷൻ നൽകുന്നുണ്ട്.
ഒരു ദിവസം വൈകീട്ട്
എന്റെ മൂത്താപ്പാടെ വീട്ടിലേക്കു എന്നോട് ചെല്ലാൻ പറഞ്ഞു. മൂത്താപ്പാടെ ആണ്ടു മായി ബന്ധപ്പെട്ടാണ് ക്ഷണിച്ചത്. ഞാൻ സന്തോഷിച്ചു,രാത്രി അവിടെ താങ്ങാമെന്നും പ്രതീക്ഷിച്ചു. വൈകീട്ട്, ട്യൂഷൻ എടുത്ത് കഴിഞ്ഞു, കൂട്ടുകാരോടും യാത്ര പറഞ്ഞു, ഇനി നാളെയെ അവിടെനിന്നും മടങ്ങു എന്നു പ്രത്യേകം പറഞ്ഞു മൂത്താപ്പെടെ വീട്ടിലേക്കു യാത്ര തിരിച്ചു.
ചെലവ് ചുരുക്കലിന്റെ ഭാഗമായി, ആണ്ടിന് യാസ്സീൻ ഓതിക്കാനാണ് എന്നെ ക്ഷണിച്ചതെന്നു, അവിടെയെത്തി കുറച്ചു കഴിഞ്ഞാണ് മനസ്സിലായത്.
അന്ന് അവിടെ വിരുന്നു നിൽക്കാമെന്നു കരുതിയിരുന്ന എന്നെ, യാസീൻ ഒക്കെ ഓതി കഴിഞ്ഞപ്പോൾ, എത്രയും പെട്ടന്ന് തിരിച്ചു പറഞ്ഞു വിടണം, എന്നായി അവരുടെ ചിന്ത എന്നു തോന്നി.
സജിൽ എന്ന എന്റെ കസിൻ ആണ് ആ ചുമതല നിർവഹിച്ചത്.
പെട്ടന്ന് കഴിക്കാൻ എന്തെങ്കിലും കൊടുക്ക്‌, അവനു തിരികെ വീട്ടിലെത്തേണ്ട എന്നൊക്കെയുള്ള ഭയങ്കര ആശങ്ക.🤣🤣(പിന്നെ,.. ഞാൻ ആർത്തി മൂത്തു ചേന്നതല്ലേ. .😊🙄)
എന്നെ പറഞ്ഞു വിടാൻ ധൃതി കൂട്ടുന്നിടത്തു, ഞാൻ എങ്ങിനെ നിൽക്കും.

ഒരു വേള നാണമില്ലാതെ, അവിടെ താങ്ങണം എന്നു തന്നെയാണ്, ഞാൻ ആദ്യം കരുതിയത്.
എങ്കിലും, സജിലിന്റെ വാക്കളിലെ അസഹിഷ്ണുതയും, ആശങ്കയും, എന്നെ അവിടെ താമസിപ്പിക്കാൻ ഒട്ടും താല്പര്യമില്ലെന്നു മനസ്സിലാക്കാനുള്ള വൈഭവം എനിക്കുണ്ടായിരുന്നു.
മതിയാവോളം ടീവി കാണാം എന്നുള്ള ഒരു ആകർഷണം മാത്രമേ, അവിടെ താങ്ങാനുള്ള എന്റെ ആഗ്രഹത്തിന് പിന്നിലുള്ള. ഭക്ഷണം ഒന്നും എന്റെ ആഗ്രഹമേയല്ല, അന്നും, ഇന്നും.
ഞാനവിടെ നിന്നും ഇറങ്ങി, എന്റെ പഴയ സൈക്കിളിൽ, ഇരുട്ടിലൂടെ തിരികെ യാത്ര തിരിച്ചു.
അവർക്കു ഉസ്താദിനെ വിളിച്ചു യാസീൻ ഓതിക്കുമ്പോൾ നൽകേണ്ടി വന്ന കാശ് ലാഭമായി.😂.
ഒരു കണക്കിന്, സജിൽ, തുടരെ തുടരെ, എന്നോട് പെട്ടന്ന് തിരിച്ചു പോകാനും, ഇവിടെ താമസിപ്പിക്കാൻ ഒട്ടും താല്പര്യം ഇല്ലാന്ന് പറയാതെ പറഞ്ഞു കൊണ്ടിരുന്നത് നന്നായി. അല്ലെങ്കിൽ, കൂടുതൽ ഇരുട്ടിൽ തപ്പി തടയേണ്ടി വന്നേനെ, തിരിച്ചിറങ്ങിയപ്പോൾ..
പിന്നീടൊരു നാളും, ഞാനവിടെ താമസിക്കണമെന്ന് ആഗ്രഹിച്ചിട്ടുമില്ല, പോയിട്ടുമില്ല.
കാലങ്ങൾ എന്നും എപ്പോഴും ഒരുപോലെ തന്നെ ആയിരിക്കുമെന്ന് ചിലർ കരുതും.

ഇന്നാണെങ്കിൽ, ഞാൻ മനസ്സിന്റെ വിളിപ്പാട് അകലെ കൊണ്ട് പോലും അങ്ങോട്ട് എത്തി നോക്കില്ല.
ചെയ്യുന്നവർ എളുപ്പം മറക്കും, അനുഭവിക്കുന്നവർ, ഓർമ്മ യുള്ള കാലത്തോളം ഓർത്തു കൊണ്ടിരിക്കും.

ഓരോരുത്തരുടെയും ജീവിത്തിൽ, ഓർമകളുടെ അനുഭവങ്ങളുടെ പെരുമഴക്കാലം തന്നെ ഉണ്ടാവണം. അങ്ങിനെയെങ്കിൽ ഓരോ ജീവിതങ്ങളും കഥകളുടെ സമാഹാരങ്ങളാണ്.
ലാഭങ്ങൾക്കോ, കേവല സന്തോഷങ്ങൾക്കോ വേണ്ടി ഞാൻ ആരെയും പ്രീണിപ്പിക്കാറില്ല, മുഖസ്തുതി പറഞ്ഞു കാര്യം കാണാൻ ശ്രമിക്കാറുമില്ല.

അതുകൊണ്ട് തന്നെയാണ്, ഇങ്ങിനെ തുറന്നെഴുതാൻ എനിക്കൂർജ്ജം നൽകുന്നതും.
പണം കൊണ്ട് നേടാനാവാത്ത പലതും ഈ ഭൂമിയിലുണ്ട്,
അതിലൊന്ന് തന്നെയാണ് ആൽമാഭിമാനം 💞

14/12/2023

ട്രെയിൻ യാത്ര രസകരമാണ്. എന്നാൽ ചിലപ്പോഴെങ്കിലും അരോചകവും മനസ്സ് മടിപ്പിക്കുന്നതും ആകാറുണ്ട്.
സീറ്റ്‌ ഉണ്ടെങ്കിലും ഇരിക്കാതെ കൊറിഡോറിൽ,ആൺ കുട്ടികളും പെൺകുട്ടികളും പരസ്പരം കെട്ടിപിടിച്ചു, സഭ്യത വിട്ടുള്ള, ചേഷ്ട്ടകൾ. പരിസരം മറന്നുള്ള അവരുടെ ചേഷ്ട്ടകളും നിൽപ്പും സഹയാത്രികർക്ക് എന്തു മാത്രം അലോസരം സൃഷ്ടിക്കുന്നുണ്ട്. മാന്യമായതും, സുഖകരവുമായ യാത്ര എല്ലാവരുടെയും അവകാശമാണ്.
ചിലപ്പോഴൊക്കെ ട്രെയിനിൽ നിന്നും ഇറങ്ങാനും കേറാനും വരെ ഇവർ മാർഗ്ഗ തടസം സൃഷ്ടിക്കുന്നു.
പലപ്പോഴും
കൂടെയുള്ള ആൺകുട്ടികളെ സൂക്ഷിച്ചു നോക്കിയാൽ,സ്വബോധം തന്നെ കാണില്ല, നാവിന്റെ അടിയിലും, മൂക്കിലും എന്തൊക്കയോ തിരികെ കേറ്റുന്നതും കാണാം, ചിരിച്ചാൽ, കറ പിടിച്ചതും, ദ്രവിച്ചതുമായ പല്ലുകളും, ലഹരിക്കാടിമയാണ്ന്നു നമുക്ക് തന്നെ എളുപ്പം മനസിലാക്കാം. അതിന്റെ കൂടെ മുഖത്തു, തുളയിട്ട് റിങ് ഇടാത്ത ഒരു ഇഞ്ച് പോലും സ്ഥലം കാണാനുമില്ല. കൂടെയുള്ള നിഷ്കളങ്കരായ ചെറിയ പെൺകുട്ടികൾ മനസ്സിൽ വല്ലാത്തൊരു വിഷമം സൃഷ്ടിക്കുന്നു.
രാവിലെ സ്കൂളിലേക്കെന്നോ, കോളേജിലേക്കോ എന്നും പറഞ്ഞു വീട്ടിൽ നിന്നും ഇറങ്ങി ചുറ്റി തിരിഞ്ഞു നടക്കുന്നവരാണ് ഇതുപോലുള്ളവരെന്നു എളുപ്പം മനസ്സിലാകും.
ചിലരുടെ കയ്യിൽ ടിക്കറ്റും ഉണ്ടാവില്ല. ടിക്കറ്റ് എക്സാംമിനർ കയ്യോടെ പോക്കുമ്പോൾ അവരോടു തർക്കിച്ചു പ്രകോപിക്കുന്നതും കാണാം. നിസ്സാരമായി തീരേണ്ട പ്രശ്നം ഇവരുടെ വായയുടെ ഗുണം കൊണ്ട് കോടതി വരെ എത്തുന്നതും കാണാം.പെൺകുട്ടികളാണ് ഇത്തരത്തിൽ ഏറെയും കാണുന്നത് എന്നുള്ളതാണ് ദുഖകരം.

വളരെ പ്രതീക്ഷയോടെ ആവും, ഓരോ കുട്ടികളെയും മാതാപിതാക്കൾ വിദ്യഭാസസ്ഥാപനങ്ങളിലേക്ക് പറഞ്ഞു വിടുന്നത്. അവരിൽ പലരും ഇതുപോലെ ട്രെയിൻ ന്റെ കോറി ഡോറിലോ, ഒഴിഞ്ഞ പാർക്കുകളിലോ, ആളൊഴിഞ്ഞ വനപ്രദേശങ്ങലിലോ ചുറ്റി തിരയുന്നു.
പുറപ്പെടാൻ നിർത്തിയിട്ടിരിക്കുന്ന ട്രൈനുകളിൽ ഇത്തരക്കാർ സകല സീമകളും ലംഘിച്ചു കാമ ചേഷ്ട്ടകൾ വരെ നടത്തുന്നു.
കാലത്തിന്റെ ഒരു ഗതികേട്.ട്രെയിനിലെ
ഒരു ബാത്ത് റൂമിൽ നിന്നും ഒരുമിച്ചു ഇറങ്ങി വരാൻ കാണുക്കുന്ന ലജ്ജയില്ലായ്മയും, തൊലിക്കട്ടി യും തീർച്ചയായും മൂല്യച്ചൂതി തന്നെയാണ്.

ദീർഘ നേരം നിർത്തിയിട്ടിരിക്കുന്ന ട്രെയിനിലാണ് ഇത്തരം കാഴ്ചകൾ ഏറെയും
കുട്ടികൾ ക്ലാസ്സിൽ എത്താത്തത് ചോദ്യം ചെയ്യാൻ അദ്ധ്യാപകർക്കും പേടിയാണ്. കാരണം എവിടെയും അവകാശ സംരക്ഷണമാണല്ലോ.
അവകാശങ്ങൾ നല്ലത് തന്നെ, പക്ഷെ, കഷ്ട്ടപെട്ടു അധ്വാനിച്ചു, മക്കളെ വിദ്യാഭ്യാസം എന്നപേരിൽ പ്രതീക്ഷയോടെ പറഞ്ഞു വിടുമ്പോൾ, നിർദാക്ഷണ്യം, അവരോട് നീതികേട് കാട്ടാതെയെങ്കിലും ഇരിക്കണം. അതിനുള്ള സംസ്കാരമെങ്കിലും, നേടിയെടുക്കണം 🙏

അദ്ധ്യാപകർക്കു, പഴയ വടി തിരികെ നൽകുക.

07/12/2023

150 പവന് പോയിട്ട് ഒന്നര പൈസക്കുണ്ടോ അവൻ,

തുഫ്ഫ്. .....
ഒരു റൂവൈസ്,
നട്ടെല്ലിന് പകരം വാഴപ്പിണ്ടി ഘടിപ്പിച്ചവൻ. .

നോക്കി വളർത്തി, MBBS ഉം കഴിഞ്ഞു, PG വരെ എത്തിച്ച ആ ഉമ്മയെ ആ കുട്ടിക്ക് ഒർക്കാമായിരുന്നു.

ആർക്കു പോയി, ആ ഉമ്മാക്ക് പോയി, ,,

അവൻ നിയമത്തിന്റെ പഴുതുപയോഗിച്ച് രക്ഷപെടും,

വീണ്ടും ഏതെങ്കിലും ഇരു ഹതഭാഗ്യയായ പെൺകുട്ടിയോട് 150 പവനും, BMW കാറും വില പേശും
വിവാഹത്തെ, കച്ചവടം മാത്രം ആകുന്ന ഈ സമൂഹത്തെയാണ് ചാണകം മുക്കിയ ചൂല് കൊണ്ട് ആദ്യം അടിക്കേണ്ടത് .

വിദ്യാഭ്യാസം പെൺകുട്ടികൾക്ക് കരുത്തു നൽകുന്നതാവണം,ആൽമവിശ്വാസം നൽകുന്നതാകണം, സർവോപരി ജീവിതത്തിൽ പ്രകാശം പരത്തുന്നതാവണം.
സ്വന്തം ജീവിതത്തിൽ വെളിച്ചം നൽകാത്ത വിദ്യ
നിരർത്ഥകം ആകുന്നില്ലേ

14/11/2023

ഗാസയിലെ കുഞ്ഞുങ്ങൾ വേദനയാണ്.
കുഞ്ഞുങ്ങൾക്ക് നേരെയുള്ള കൂട്ടകുരുതി
മനുഷ്യത്വത്തെയാണ് കശാപ്പ് ചെയ്യുന്നത്.
കുഞ്ഞുങ്ങളോട് കാണിക്കുന്ന പൈശാചികമായ അതിക്രമത്തെ പ്രതിരോധമായി കാണാനാവുന്നില്ല. വംശ ഹത്യ യാണ്.

ഏറ്റവും നിഷ്കളങ്കമായ പ്രാർത്ഥന കുഞ്ഞുങ്ങളുടേതാണ്.

ആ ചുടു കണ്ണീരിനു മറുപടി പറയാതെ പോകില്ല കാലം

02/11/2023

മുഹമ്മദ്‌. ഷമി 💕💕💕💕💕💕

31/10/2023

യുദ്ധങ്ങളും, അക്രമണങ്ങളും ആദ്യം മൃവേൽപ്പിക്കുന്നതും ദ്രോഹിക്കുന്നതും കുട്ടികളെയാണ്.
ഒന്നും അറിയാത്ത പ്രായത്തിൽ അവരുടെ കുറ്റം കൊണ്ടല്ലാതെ, കൊടിയ വേദന സഹിക്കേണ്ടി വരുന്നവർ, ഉറ്റവരെ നഷ്ട്ടപെടുന്നവർ, അനാഥരാവുന്നവർ. ജീവിതം എന്താണെന്നു അറിയാത്ത പ്രായത്തിൽ മരണത്തെ കാണുന്നവർ.

ചാണ്യക്യ സൂത്രത്തിലാണെന്നു തോന്നുന്നു, മുൻപെങ്ങോ വായിച്ചത്,

സ്വന്തം പിടിപ്പ് കേടു മറച്ചു വെക്കാൻ ഭരണാധികാരികൾ എളുപ്പം ഉപയോഗിക്കുന്ന തന്ത്രമാണ് യുദ്ധം.
സ്വന്തമായി ഒന്നും( ജീവനോ, സ്വത്തോ, ഉറ്റവരോ )നഷ്ട്ടപ്പെടില്ല എന്നുറുപ്പുള്ളവർക്ക് ഇതൊരു നേരമ്പോക്കാവും, കൂട്ടത്തിൽ സ്വന്തം പിടിപോട് കേടു മറക്കാനും.
സ്വന്തം ജനതക്കു സുരക്ഷ ഒരുക്കേണ്ടത്, തീർച്ചയായും ഭരണാധികാരികൾ തന്നെയാണ്. പക്ഷെ അതിൽ വീഴ്ച സംഭവിച്ചാൽ, അതു മറച്ചു വെക്കാൻ, വെപ്രാളവും ഭീതിയും ജനിപ്പിച്ചു സർവ്വവും നശിപ്പിക്കാൻ കാണിക്കുന്ന വ്യഗ്രത തിവ്രവാദത്തിന്റെ മറ്റൊരു മുഖമാണ്.

മനുഷ്യാശം തോറ്റു തീണ്ടിയിട്ടില്ലാത്ത, പിശാച്ക്കൾക്കേ, കുഞ്ഞുങ്ങളോട് ദയ കാണിക്കാതിരിക്കാനാവു.

ഒരു വിഭാഗത്തോടുള്ള വെറുപ്പ്, അവരോടു അക്രമം കാണിക്കാനുള്ള പ്രേരണയാവരുത്

ഒരു ആശുപത്രിക്ക് നേരെയുണ്ടായ പൈശാചിക, ആക്രമണം, ഒരർത്ഥത്തിൽ, വംശ ഹത്യ തന്നെയാണ്.
കുഞ്ഞുങ്ങളെയും, പ്രായമായവരെയും, സ്ത്രീകളെയും ഒരു ദയയും ഇല്ലാതെ, ഇല്ലായ്മ ചെയുന്നത് ഏതു യുദ്ധ നീതിയാണ്.
ഈ കൊടിയ ദുരിത നേർകാഴ്ചകളിൽ, മനസ്സ് കൊണ്ട് പോലും അപലപിക്കാത്തവർ മനുഷ്യരല്ല.

അനേകായിരം കുഞ്ഞുമക്കളെ നിഷ്കരുണം കൊന്നു തള്ളിയിട്ടു

നിങ്ങൾ ഇനി യുദ്ധം ജയിച്ചിട്ട് എന്ത് ഫലം

Photos from Sajith Mathilakath  Abdu's post 31/10/2023
Want your public figure to be the top-listed Public Figure in Kochi?
Click here to claim your Sponsored Listing.

Category

Telephone

Website

Address


Kochi