Ubaideth
I am Advocate K. Ubaideth, practising as a lawyer in Kottayam bar, residing at Neelimangalam
15 ഏക്കർ നെൽകൃഷി കൊയ്യാറായപ്പോൾ അപ്രതീക്ഷിത മഴയിൽ വെള്ളത്തിലായി.
നീലിമംഗലം ചെറുപൈങ്കുളം പാടം
സ്റ്റേജ് അനുഭവങ്ങൾ
-------------------------------------
എട്ടാം ക്ലാസിൽ പഠിച്ചു കൊണ്ടിരുന്ന കാലത്താണ് കലാഭവൻ ആർട്സ് & സ്പോർട്സ് ക്ലബ് എന്ന പേരിൽ ഞങ്ങൾ സുഹൃത്തുക്കൾ ചേർന്ന് ഒരു ക്ലബ് ഉണ്ടാക്കുന്നത്. ഞങ്ങളെക്കാൾ മുതിർന്ന മോനാച്ചി എന്ന സുഹൃത്തും പിന്നെ ഞങ്ങളും. ഞങ്ങളെന്നാൽ ഞാൻ, ജുനൈദ്, ഫൈസൽ, സുധീർ, അവ്വാമ്മാക്കാടെ ഷാജി തുടങ്ങിയവർ.
ക്ലബിന് ഉദ്ഘാടനം തീരുമാനിച്ചു. ഫൈസലിന്റെ വീടിന് പുറകിലെ സ്ഥലത്ത് സ്റ്റേജ് കെട്ടാനും പള്ളിപ്പറമ്പിൽ ആളുകളെ ഇരുത്താനുമായിരുന്നു പദ്ധതി. ഞങ്ങളിൽ പെട്ട മുതിർന്ന സുഹൃത്തായ മോനാച്ചിക്ക് അല്പം എഴുത്തിന്റെ അസ്ക്കിതയുണ്ടായിരുന്നു. ടിയാൻ എഴുതിയതാണെന്നും പറഞ്ഞ് ഒരു ഏകാങ്ക നാടകം തന്നു.
നരച്ച തലകൾ ഇരച്ചു വരുന്നു എന്നായിരുന്നു ആ നാടകത്തിന്റെ പേര്. ഞാനും ജുനൈദും ഫൈസലും സുധീറും അടക്കമുള്ള സുഹൃത്തുക്കൾ നാടകം പഠിച്ചു.
ക്ലബിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഞങ്ങൾ ഒരു ചെറിയ പിരിവ് നടത്തി. മോശമായില്ല ഏതാണ്ട് നൂറ് രൂപയ്ക്കടുത്ത് പിരിവ് കിട്ടിയെന്ന് തോന്നുന്നു.
അന്നേ ദിവസം സന്ധ്യക്ക് ഞങ്ങളുടെ നാടകം അരങ്ങിൽ കയറി. ആരും മോശമാക്കിയില്ല. ഹാസ്യ പശ്ചാത്തലത്തിലുള്ള നാടകം എല്ലാവർക്കും ഇഷ്ടപ്പെട്ടു. കൂടാതെ സുഹൃത്തുക്കളുടെ വക ചെറിയ കലാപരിപാടികളും ഉണ്ടായിരുന്നു. എന്തായാലും ക്ലബിന്റെ ഉദ്ഘാടനം ഗംഭീരമായി എതാണ്ട് പത്ത് മുപ്പത് രൂപ മിച്ചം പിടിക്കുവാനും സാധിച്ചു.
അന്നേ ദിവസം ഞങ്ങളെല്ലാം നടന്മാരാണെന്ന് മനസ്സിലാക്കി.
ആ വർഷം തന്നെ കുമാരനല്ലൂർ ദേവി വിലാസം സ്ക്കൂളിലെ യുവജനോത്സവത്തിൽ ഞങ്ങളുടെ വക നരച്ച തലകൾ ഇരച്ചു വരുന്നു എന്ന നാടകവും ഇടം പിടിച്ചു.
കലാഭവൻ ക്ലബിന്റെ ആദ്യത്തെ പരിപാടി തന്നെ ഗംഭീരമായി കലാശിച്ചപ്പോൾ ഇനിയൊരു വലിയ പ്രോഗ്രാം സംഘടിപ്പിക്കണമെന്നും അതിൽ നിന്നും വൻ വരുമാനം ക്ലബിനുണ്ടാക്കുവാൻ സാധിക്കും എന്ന് മോനാച്ചി അഭിപ്രായപ്പെട്ടു. അത് വേണ്ട എന്ന് ഞങ്ങളിൽ പലർക്കും അഭിപ്രായമുണ്ടായിരുന്നെങ്കിലും എങ്ങാനും വിജയിച്ചാലോ എന്ന് കരുതി സമ്മതിച്ചു.
അതൊരു വലിയ പരാജയത്തിലാണ് കലാശിച്ചത്. കാര്യം വലിയൊരു പ്രോഗ്രാം ഞങ്ങൾ കൊച്ചു കുട്ടികൾക്ക് നടത്തുവാൻ സാധിച്ചുവെങ്കിലും ആ പ്രോഗ്രാം കൊണ്ടുണ്ടായ സാമ്പത്തിക നഷ്ടം ക്ലബ്ബിനെ തകർച്ചയിലേക്ക് നയിച്ചു. അങ്ങനെ കലാഭവൻ ക്ലബ് അടച്ചു പൂട്ടി.
അടുത്ത വർഷം സ്ക്കൂളിൽ "അറിയാത്ത പിള്ളക്ക് ചൊറിയുമ്പോൾ അറിയാം" എന്ന നാടകം അവതരിപ്പിച്ചു. ആ നാടകവും എഴുതിയത് മോനാച്ചി തന്നെയായിരുന്നു. മൂന്നാമത്തെ വർഷം "സൈലൻസ് പ്ലീസ്" എന്ന നാടകം മോനാച്ചി എഴുതി തന്നു. വയസ്സൻമാരുടെ ഒരു ക്ലബ് ശാകുന്തളം നാടകം നടത്തുവാൻ തീരുമാനിക്കുന്നതും നാടകത്തിനൊടുവിൽ അടിച്ചു പിരിയുന്നതുമായിരുന്നു കഥ. പതിവിനു വിപരീതമായി മറ്റൊരു ടീമിന്റെ നാടകത്തിൽ പങ്കെടുക്കണമെന്ന് പറഞ്ഞ് ജുനൈദ് മുങ്ങി. പകരം പളളിപ്പുറത്തെ സിനാജാണ് ഒരു കാരക്ടർ ചെയ്തത്. അവൻ മോശമാക്കിയില്ല. എനിക്കായിരുന്നു ശകുന്തളയായി അഭിനയിക്കുവാനുള്ള റോള് കിട്ടിയത്. തുണിക്കകത്ത് ചിരട്ട വെച്ച് നെഞ്ചത്ത് വലിച്ചു കെട്ടിയായിരുന്നു സ്ത്രീ വേഷം അണിഞ്ഞത്. പക്ഷേ കെട്ട് ശെരിയായില്ല. കുറച്ച് സമയം കഴിഞ്ഞപ്പോൾ പുറകിലത്തെ കെട്ട് അഴിയുവാൻ തുടങ്ങി. കക്ഷം അമർത്തി അഡ്ജസ്റ്റ് ചെയ്യാൻ തുടങ്ങി. കുറച്ച് രംഗങ്ങൾ കൂടി കഴിഞ്ഞപ്പോൾ കെട്ട് പൂർണ്ണമായും അഴിഞ്ഞു, താഴെ വീഴാതെ ഒരു തരത്തിൽ അഡ്ജസ്റ്റ് ചെയ്തു നിന്നു. അവസാനം ഇടവേളക്ക് കർട്ടൻ താഴ്ത്തിയപ്പോൾ ഡ്രോയിംഗ് സാർ വളരെ ഭംഗിയായി മുലക്കച്ച കെട്ടി തന്നു. അങ്ങനെ അവസാനം വരെ നല്ല രീതിയിൽ അഭിനയിക്കുവാൻ സാധിച്ചു.
(പിന്നീടാണ് വേളൂർ കൃഷ്ണൻ കുട്ടിയുടെ കഥകൾ അടിച്ചു മാറ്റിയാണ് മോനാച്ചി തന്നത് എന്ന് മനസ്സിലാക്കിയത്)
പ്രീഡിഗ്രി കാലത്ത് നാടകങ്ങളിൽ അഭിനയിക്കുവാൻ സാധിച്ചില്ല.
പിന്നീട് ബസേലിയസ് കോളെജിലെ ഡിഗ്രി കാലഘട്ടമാണ് ജീവിതത്തിലൊരിക്കലും മറക്കാനാവാത്ത സ്റ്റേജ് അനുഭവങ്ങൾ തന്നത്. പറ്റിയ സുഹൃത്തുക്കളായിരുന്നു കൂടെയുണ്ടായിരുന്നത്. അലക്സ്, ജിനു, ഗീവർഗീസ്, ബിനോയ്, മനോജ്, ബിജു, തുടങ്ങിയ ഒരു വമ്പൻ താരനിരയെ തന്നെ എനിക്ക് കൂടെക്കിട്ടി.
ആ കഥകൾ അടുത്ത ഭാഗത്ത് തുടരാം......
ഈ റമദാനിലെ ആദ്യ നോമ്പ് കഴിഞ്ഞു.
ഓർമ്മ വെച്ച നാൾ മുതൽ നീലിമംഗലം പള്ളിയിലെ ജീരക കഞ്ഞി കുടിച്ചല്ലാതെ നോമ്പ് തുറന്നിട്ടില്ല. ഒരു പ്ലേറ്റ് കഞ്ഞി കുടിച്ച് കഴിയുമ്പോൾ കിട്ടുന്ന ഉന്മേഷം മറ്റെന്ത് ഭക്ഷണം കഴിച്ചാലും കിട്ടില്ല. തറാവീഹ് കഴിഞ്ഞ് കുടിക്കാൻ കുറച്ച് കഞ്ഞി പള്ളിയിൽ നിന്നും വാങ്ങി വീട്ടിൽ വെച്ചിരിക്കും. കിടക്കും മുമ്പ് ആ കഞ്ഞി നിർബന്ധമാണ്.
പള്ളിയിൽ തന്നെ തറാവീഹ് നമസ്ക്കരിക്കണം, പള്ളിയിലിരുന്ന് ഖുർആൻ ഓതണം.
എന്തൊക്കെ നിർബന്ധങ്ങളായിരുന്നു. ഒരു സൂക്ഷ്മാണു എല്ലാം ഓർമ്മകളാക്കി അവശേഷിപ്പിച്ചു. ഒരിക്കൽ പോലും, വിദൂരമായ ഒരു സ്വപ്നത്തിൽ പോലും സങ്കല്പിക്കാത്ത വിധത്തിലാണ് ഇത്തവണ കാര്യങ്ങൾ നീങ്ങിയത്.
വീട്ടിലിരുന്ന് നോമ്പ് തുറക്കാത്ത ഞാനടക്കമുള്ളവർ ഭാര്യയ്ക്കും മക്കൾക്കും ഒപ്പമിരുന്ന് നോമ്പ് തുറന്നു. അവരുടെ കൂടെ നമസ്ക്കാരം നിർവ്വഹിച്ചു.
എല്ലാം നല്ലതിന് മാത്രം എന്ന ചിന്തയാണുള്ളത്.
എല്ലാവർക്കും റമദാൻ ആശംസകൾ നേരുന്നു. ഈ കൊറോണ മഹാമാരിയിൽ നിന്നും ലോകത്തെ രക്ഷപെടുത്തണേ എന്ന പ്രാർത്ഥനയോടെ
ഓണാശംസകൾ
*****************
ചെറുപ്പകാലത്തെ ഓണം പെരുമ്പായിക്കാട് SNDP ശാഖയുമായി ബന്ധപ്പെട്ട ഓർമ്മകളാണ്. ഓണത്തേക്കാൾ പ്രാധാന്യം ചതയ ദിനത്തിനായിരുന്നു.
മനുഷ്യമനസ്സുകൾ ഇന്നത്തെ കാലത്തെ പോലെ വിഭജിച്ചിട്ടില്ലാത്ത ഒരു കാലമായിരുന്നു അന്ന്.
ഒന്നും രണ്ടും ഓണത്തിന് കലാ കായിക മത്സരങ്ങളായിരുന്നു ശാഖയിൽ. ജാതി മത ഭേദമന്യേ ഏവരും ഈ മത്സരങ്ങളിൽ പങ്കെടുക്കും. ഞങ്ങളൊക്കെ സ്ഥിരം ഫാൻസിഡ്രസ് മത്സരാർത്ഥികളാണ്. ഒരിക്കൽ മദ്രാസിൽ നിന്നും വന്ന എന്റെ സഹോദരൻ നസീർ ഒരു ആഫ്രിക്കൻ അടിമയായി അഭിനയിച്ച ഫാൻസിഡ്രസ് ഏവരെയും അമ്പരപ്പിച്ചു. മാന്നാറിക്കയുടെ ബാബുവും കൂടെയുണ്ടായിരുന്നു. എന്റെ ഫാൻസിഡ്രസിൽ കൂടെയുണ്ടായിരുന്ന പ്രിയ സുഹൃത്ത് സുധീർ PU ഇന്ന് നമ്മോടൊപ്പമില്ല.
ഫാൻസിഡ്രസ് കൂടാതെ മിമിക്രിയുടെ ആദ്യ പരീക്ഷണങ്ങളും അവിടെയായിരുന്നു. ജുനൈദും സുധീറും കൂടെയുണ്ടായിരുന്നു.
ചതയത്തിന്റെ ദിവസം മതസൗഹാർദ്ദ മാനവ റാലിയുണ്ടാകും. ജാതി മത വിഭജനമില്ലാതെ ഏവരും റാലിയിൽ പങ്കെടുക്കും. ചതയാഘോഷത്തിന്റെ ഭാഗമായി SNDP ശാഖയിൽ വെക്കുന്ന പായസത്തിന്റെ ഒരു പങ്ക് പള്ളിയിലെ വല്ലുസ്താദിന് കൊടുക്കും.
അന്നൊക്കെ ആഘോഷങ്ങളിൽ ആരും മതം (മദം) ചേർത്തിരുന്നില്ല. സംക്രാന്തി നസീറിനെ പോലെയുള്ള കലാകാരന്മാർ ഉയർന്നു വന്നതിൽ ഈ ആഘോഷങ്ങൾക്ക് ഒരു വലിയ പങ്കുണ്ട്.
പകലുള്ള മത്സരങ്ങൾ കൂടാതെ രാത്രികളിൽ ഗാനമേള, നാടകങ്ങൾ എന്നിവയുണ്ടാകും. ഉമ്മറ്റിക്കയുടെ പറമ്പിലാണ് സ്റ്റേജ്. പ്രേക്ഷകർ ഇരിക്കുന്നത് സംഘപറമ്പിലും.
അതൊക്കെ ഇപ്പോൾ ഓർമ്മകളിൽ മാത്രം. ഓരോ വിഭാഗവും ഓരോ കമ്പാർട്ട്മെന്റുകളായി തിരിഞ്ഞ് ആഘോഷങ്ങൾ അവരവരിൽ പരിമിതപ്പെടുത്തി. എന്റെ മക്കൾക്ക് ആ നന്മയുള്ള കാലം അനുഭവിക്കുവാൻ പറ്റുന്നില്ലല്ലോ എന്ന വേദന ഉള്ളിലൊതുക്കി എല്ലാവർക്കും ഓണാശംസകൾ നേരുന്നു.
Click here to claim your Sponsored Listing.
Category
Contact the practice
Telephone
Address
Kottayam
686016