Rahul Krishnan RK

Rahul Krishnan RK

Share

Nehru Yuva Kendra Sangathan (NYKS) is an autonomous organisation of the Department of Youth Affairs and Sports, Central Government, India

13/01/2022

KA Naseer.✍

കൊടി ഏതുമാകട്ടെ,മതം ഏതുമാകട്ടെ, ഏതൊരു വ്യക്തി കൊല്ലപ്പെട്ടു എന്ന് കേൾക്കുമ്പോഴും വേദനയും അസ്വസ്ഥതയും ഒരുപോലെ അനുഭവപ്പെടുന്ന ഒരാളാണ് ഞാൻ.അപരന്റെ ജീവനെടുക്കുന്നതിനോളം നീചമായൊരു പാപവും ഈ ഭൂമിയിലില്ല എന്നതാണെന്റെ ബോധ്യം.."സ്വന്ത"ക്കാർ കൊല്ലപ്പെടുമ്പോൾ മാത്രം കണ്ണീർ ഗ്രന്ഥികൾ സക്രിയമാവുകയും പേനത്തലപ്പിൽ വിലാപഗീതം തുടിക്കുകയും അപരർ കൊല്ലപ്പെടുമ്പോൾ കക്ഷത്തെ കണക്ക് പുസ്തകം തുറന്ന് ചോരക്കണക്കുകൾ നിരത്തി സ്കോർബോർഡ് കൊണ്ട് ഓട്ടയടയ്ക്കാൻ ശ്രമിക്കുകയും ചെയ്യുന്ന മനുഷ്യരോടും ആശയങ്ങളോടും അറപ്പാണ്,വെറുപ്പാണ്.അത് മാറ്റമില്ലാത്ത നിലപാടാണ്.

ഗോത്രീയതയും കുടിപ്പകയും കൈമുതലാക്കിയ രാഷ്ട്രീയക്കാരും മതവാദികളും ഇന്നേറെ മലിനപ്പെടുത്തിയ വാക്കാണ് "രക്തസാക്ഷി".ഒരാധുനിക സമൂഹം ഒരു കാരണവശാലും പ്രോത്സാഹിപ്പിക്കപ്പെടാൻ പാടില്ലാത്തതും താലോലിക്കപ്പെടാൻ പാടില്ലാത്തതുമായ ഒന്നാണ് രക്തസാക്ഷിത്വം.ഇന്ന് നാം ജീവിക്കുന്ന കാലത്തിലെ അവസ്ഥകളും മത-രാഷ്ട്രീയ സംഘങ്ങളുടെ പ്രവർത്തനപഥങ്ങളും വെച്ച് നോക്കുമ്പോൾ രക്തസാക്ഷി എന്ന വാക്കിനർത്ഥം ഏറ്റവും ക്രൂരമായി വഞ്ചിക്കപ്പെട്ടവൻ എന്ന് കൂടിയാണ്."രക്തസാക്ഷി മരിക്കുന്നില്ല/ജീവിക്കുന്നു ഞങ്ങളിലൂടെ" എന്നുള്ളത് ഇന്നുയർന്ന് കേൾക്കുന്ന ഏറ്റവും പ്രാകൃതമായ മുദ്രാവാക്യങ്ങളിൽ ഒന്ന് കൂടിയാണ്.

മറ്റു പലവിധ കാരണങ്ങളാൽ കൊല്ലപ്പെടുന്നവരെ വരെ(അത് നിസാരമായ ഒന്നാണ് എന്ന അർത്ഥത്തിലല്ല)ഉൾപ്പെടുത്തി രക്തസാക്ഷി പട്ടിക വിപുലീകരിച്ച് രക്തസാക്ഷികൾക്ക് വേണ്ടി ആക്രാന്തം കാണിക്കുന്നത് എത്ര നീചമായ മാനസികാവസ്ഥയാണ്!! കൊന്നവന്റേയും കൊല്ലപ്പെട്ടവന്റേയും പാർട്ടിക്കാരും മതക്കാരും തൊട്ടടുത്ത ദിവസം മുതൽ സാധാരണ ജീവിതം തുടരുമ്പോഴും മരണം വരെയും ഒരസാധാരണ നീറ്റലും പുകച്ചിലുമായി,ഉറക്കത്തിൽ പോലും സ്വസ്ഥത തരാത്ത മുറിവുകളുമായി തുടരുന്നത് മാതാപിതാക്കളും മക്കളും ഭാര്യയും ഒക്കെയാണ്.ക്രൂരമായി കൊലചെയ്യപ്പെട്ട പിതാവിന്,മകന്,പ്രിയതമന് വാവിട്ട് നിലവിളിച്ച് അന്ത്യചുംബനം നൽകുന്ന മനുഷ്യരുടെ ദൈന്യതയോളം മനസ്സ് മരവിക്കുന്ന മറ്റെന്ത് കാഴ്ചയാണുള്ളത്...അവരുടെ വേദനകളുടെ ആഴത്തിനും പരപ്പിനും കണ്ണീരിന്റെ പുളിപ്പിനും പകരം വെയ്ക്കാൻ ഈ ലോകത്ത് മറ്റൊന്നുമില്ല എന്നാണ് എന്റെ രാഷ്ട്രീയ ബോധ്യം.

ചാനലിൽ കയറിയിരുന്ന് കൊന്നവനെ ന്യായീകരിച്ച് പ്രസംഗിക്കുന്നതും കൊല്ലപ്പെട്ടവരുടെ നാമത്തിലുള്ള സ്മാരകങ്ങളും സ്തൂപങ്ങളും പ്രാദേശിക ഹർത്താലുകളും പണപ്പിരിവുകളുമൊക്കെ വർദ്ധിച്ച് വരുന്നതും നമ്മുടെ രാഷ്ട്രീയ പാപ്പരത്തത്തിന്റേയും നിലവാരമില്ലായ്മയുടേയും മാത്രം ലക്ഷണങ്ങളാണ്.ഇങ്ങനെയൊക്കെ പറയുമ്പോൾ, "നിനക്ക് ചരിത്രം അറിയാമോടാ,,ഇന്നലെ ഇവിടെ എങ്ങനെയൊക്കെയായിരുന്നു എന്ന് നിനക്കറിയാമോടാ" എന്നൊക്കെ ട്യൂഷൻ ക്ലാസെടുക്കാൻ വരുന്നവരോട് ഇത്രമാത്രമേ പറയാനുള്ളൂ; ചരിത്രം നിങ്ങളുടെ തോന്ന്യാസങ്ങൾക്കും ചോരക്കളികൾക്കുമുള്ള സാധൂകരണങ്ങളല്ല.ഇന്നലെകളിൽ അങ്ങനെയൊക്കെയായിരുന്നു എന്നുള്ളത് ഇന്ന് ഇങ്ങനെയൊക്കെയാവാം എന്നതിനുള്ള സമ്മതപത്രങ്ങളല്ല.ഇന്നലെ അങ്ങനെയൊക്കെയായിരുന്നുവെങ്കിൽ ഇന്നും നാളെയും അങ്ങനെയായിക്കൂടാ എന്ന വകതിരിവിന്റെ പേരുകൂടിയാണ് രാഷ്ട്രീയം.

ഇങ്ങനെയൊക്കെ പറയുന്നത് അരാഷ്ട്രീയവാദി ആയത്കൊണ്ടാണ് എന്നാണെങ്കിൽ ജീവിച്ചിരിക്കുന്ന കാലമത്രയും അരാഷ്ട്രീയവാദിയായി തുടരാനാണ് താത്പര്യം.മനുഷ്യന്റെ ജീവന് വില കൽപിക്കുന്നതിനേക്കാൾ വലിയ മറ്റൊരു "രാഷ്ട്രീയ ബോധ"വും ഈ ലോകത്തിലില്ല എന്നതാണെന്റെ രാഷ്ട്രീയ ബോധ്യം.

Want your organization to be the top-listed Government Service in Pathanamthitta?
Click here to claim your Sponsored Listing.

Category

Website

Address


Sannidhanam
Pathanamthitta
689713