ബാലഭാസ്കറിന്റെ ഒന്നാം ചരമവാർഷികം.അമ്മാവനും ഗുരുവും ആയ ബി ശശികുമാർ അനുസ്മരിക്കുന്നു. മനസ്സിൽ കാത്തുസൂക്ഷിച്ചിരുന്ന ഒത്തിരി ഒത്തിരി വലിയ ഒരു ശുഭപ്രതീക്ഷയേ തട്ടിത്തെറിപ്പിച്ച ദുർവിധിയെ പഴിച്ചുകൊണ്ടു ,വേർപാടിന്റെ ദുഖങ്ങളുടെ കണ്ണികൾ കൂട്ടിയിണക്കി ഒരു സ്മരണാഞ്ജലി....
ബാലഭാസ്കറിന്റെ അപ്പൂപ്പൻ (27 സെപ്റ്റംബർ 1973)
പ്രസിദ്ധ നാഗസ്വര വിദ്വാൻ ആയിരുന്ന തിരുവല്ല എം കെ ഭാസ്കര പണിക്കർ . വായ്പാട്ട് വയലിൻ പുല്ലാങ്കുഴൽ കവിതാരചന എന്നിവകളിലും നിപുണനായിരുന്ന ഒരു സകല കലാവല്ലഭൻ.
ബാലഭാസ്കറിന്റെ അമ്മൂമ്മ (12 ഡിസംബർ 2017)
കവിതാ രചന ക്രാഫ്റ്റ് വർക്ക് , എംബ്രോയ്ഡറി വർക്ക് , പാചക കലയിൽ വൈശിഷ്ട്യ നൈപുണ്യം, അല്പം നാട്ടുവൈദ്യം എന്നിവയിലെല്ലാം വൈധിഗ്ധ്യം ഉണ്ടായിരുന്ന സ്നേഹനിധിയായ വീട്ടമ്മ.
ഭർതൃ വിയോഗവും അതിനു ശേഷമുള്ള തന്റെ ജീവിതവും സംബന്ധിച്ച് കുത്തിക്കുറിച്ച കവിതാ ശകലങ്ങളിൽ നിന്ന് ചിലതു ...
അച്ചിതയൊരിക്കൽ ജ്വാലയായിങ്ങാവാഹിച്ചീ -
ട്ടുൾകൊണ്ടേൻ ചിത്തം ഭദ്രം സൂക്ഷിച്ചു വച്ചാളല്ലോ
ഉൾക്കാമ്പിലതു നീറി നീറിയങ്ങേരി -
ഞ്ഞച്ചൂടും സ്വയം സഹിച്ചങ്ങിനോൻപതാണ്ടുകൾ.
ഞങ്ങൾക്കു ധനമായ് ഞങ്ങൾക്കു സുഖമേകി,
ഞങ്ങൾക്കു നാഥനായ് ഞങ്ങൾക്കത്താണിയായ്,
ഞങ്ങൾതന്നശ്വര്യമായ് ഞങ്ങൾതൻ മോദമായ്,
ഞങ്ങളിൽ കുടികൊണ്ട ദേവനായ് നമിക്കുന്നേൻ.
വാസരമൊരുമട്ടിൽ പത്തുമങെത്തിച്ചല്ലോ
വാത്സല്യ നിധികളാം മക്കൾതൻ തണലിൽ സുഖം
പതി, ശ്രീദേവിക്കുടയോരു തമ്പുരാൻ ഗതിയെന്നും തരുമാ ഗുണാബ്ധി ഈ -
പതിതയ്ക്കൊരു മാർഗ്ഗദീപമായ് കരുതുന്നേൻ കരുണാമയനേ ദിനം.
വൈധവ്യപ്പട്ടം കിട്ടി വർഷങ്ങൾ തള്ളി നീക്കി,
വൈവിദ്ധ്യമെന്തെന്റെ ജീവിതം തൂക്കിതാങ്ങി,
വൈകുന്നതെന്തെൻ പത്മനാഭാ
വൈതരണിയതിൽ നിന്നും കരയേറ്റിടാൻ.
പരിചയപ്പെടുന്നവർക്ക് ഒരിക്കലും മറക്കാനാകാത്ത പ്രത്യേകതയാർന്ന വ്യക്തിത്വങ്ങൾക്കു ഉടമകളായിരുന്ന അപ്പൂപ്പനും അമ്മൂമ്മയും തങ്ങളുടെ കൊച്ചുമകന്റ കലാപാടവത്തിൽ സന്തുഷ്ടരായി സംതൃപ്തരായി അവനെ അവരുടെ അടുത്തേയ്ക്കു കൂട്ടി കൊണ്ടുപൊയ്കളഞ്ഞല്ലോ!! അതോ, തന്റെ കലോപാസനയുടെ ഫലം അവരെ ആവോളം രസിപ്പിക്കാനായിട്ട് അവൻ അവരുടെ അടുത്തേയ്ക്കു പോയതോ !അതോ, അവനെ ആരെങ്കിലും ഇവിടെ നിന്ന് ഓടിച്ചതോ !!
കഷ്ടം !! പൂമാലകളാണെന്നു കരുതി വാരിയണിഞ്ഞവയിൽ പലതും വിഷപ്പാമ്പുകളാണെന്നു അറിയാതെ പോയല്ലോ കുട്ടി !
ബാഷ്പാഞ്ജലി
മോനെ! കണ്ണീരിൽ കുതിർന്ന നിന്റെ ഓർമകളുമായി ഒരു വര്ഷം ഞങ്ങൾ തള്ളി നീക്കി.
ദുഃഖം കടിച്ചമർത്തി, മാതാപിതാക്കളും മറ്റു ബന്ധു മിത്രദികളും.
മുത്തശ്ശനും മുത്തശ്ശിയും നിന്റെ കുഞ്ഞിനെ മടിയിലിരുത്തി താലോലിക്കുകയാവും !നീ, കഠിന സാധകത്തിലൂടെ നേടിയെടുത്ത, കൈവിരലുകളിൽ ശേഖരിച്ചുവച്ച, വൈകാരിക സ്പർശമുള്ള നാദവിശേഷം, അപ്പൂപ്പനെയും അമ്മൂമ്മയേയും കുഞ്ഞിനേയും നിരന്തരം കേൾപ്പിച്ചു ആനന്ദിപ്പിക്കുകയാവും.
ഓർക്കാൻ മനസ്സിന് തെല്ലും ത്രാണിയില്ലെങ്കിലും ആ പുണ്യാത്മാവുകൾക്കു ശാന്തിയും സമാധാനവും പ്രാർത്ഥിക്കുന്നു .
**ഇന്ന് വയോജന ദിനം
--------------------x x x--------------------